ഇലവുംതിട്ട: സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവന്ന യുവാക്കളെ പൊലീസ് പിടികൂടി.

കല്ലൂപ്പാറ കടുമാൻകുളം കുന്നന്തടത്തിൽ ഗോപാലകൃഷ്ണന്റെ മകൻ ഗോപു (24), മെഴുവേലി അനുഷ്ക ഭവനിൽ സജീവന്റെ മകൻ അംജിത്ത് (20) എന്നിവരാണ് കുട്ടികൾക്ക് കഞ്ചാവ് കൈമാറുന്നതിനിടെ പിടിയിലായത്. ഇലവുംതിട്ട പൊലീസ് സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തി വരുന്ന 'വഴികാട്ടി 'പദ്ധതിയുടെ ഭാഗമായി വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ നിരീക്ഷിച്ചു വരികയായിരുന്നു. സ്കൂൾ സമയങ്ങളിൽ അപരിചിതർ സ്കൂൾ പരിസരങ്ങളിൽ നിരന്തരം വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട ജനമൈത്രി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇലവുംതിട്ട എസ്.എച്ച്.ഒ ടി.കെ.വിനോദ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം എസ്.ഐ ടി.പി.ശശികുമാർ, എസ്.ഐ.അശോക് കുമാർ കെ.ആർ, പൊലീസുദ്യോഗസ്ഥരായ സജു കെ.എസ്, എസ്.അൻവർഷ, ആർ.പ്രശാന്ത്, ശ്രീജിത്ത്. എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.