1
കാഞ്ഞിരംകടവ്

തെങ്ങമം: ചെറുകുന്നം കാഞ്ഞിരം കടവിലെ പാലം നിർമ്മാണം ഇഴയുന്നു.പള്ളിക്കലാറിന് കുറുകെയുള്ള ഈ പാലം നിർമ്മാണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

കൊല്ലം-പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കാവുന്ന ഇവിടെ പാലംവേണമെന്ന ആവിശ്യം ശക്തമായതോടെ എം.എൽമാരായ ചിറ്റയംഗോപകുമാറും, കോവൂർ കുഞ്ഞുമോനും മുൻകൈഎടുത്ത് കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ പാലം നിർമ്മാണത്തിനായി നാല് കോടിരൂപയും വകയിരുത്തിയതായി പ്രഖ്യാപനം വന്നിരുന്നു. എന്നാൽ പിന്നീട് യാതൊരു തുടർനപടിയും ഉണ്ടായിട്ടില്ല. മണ്ണ് പരിശോധനയും വിശദമായ അലൈൻമെന്റും തയാറാക്കുന്നതിന് 4,33,600 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിനെ ചീഫ് എൻജിനിയർ 2019 ഒക്ടോബറിൽ ചുമതലപെടുത്തിയതാണ് ഇതുവരെയുള്ള നടപടി. എന്നാൽ ബഡ്ജറ്റിൽ പണം വകയിരുത്തിയപ്പോൾ തന്നെ പാലം അനുവദിച്ചതിനെചൊല്ലിയുള്ള അവകാശതർക്കങ്ങൾ നിലനിൽക്കുകയാണ്. ഭരണപക്ഷത്തുള്ള രാഷ്ട്രീയകക്ഷികളിൽ ചേരിതിരിഞ്ഞ് ഫ്ളെക്സ് വെക്കുകയും ചെയ്തിരുന്നു. ഇതോടെ പിന്നീടുള്ള നടപടികൾക്ക് തടസമാകുകയായിരുന്നു.

ശൂരനാട് ചക്കുവള്ളി ഭാഗത്തേക്ക് എളുപ്പമാർഗം

പള്ളിക്കൽ ,ചെറുകുന്നം ഭാഗങ്ങളിൽ നിന്ന് ശൂരനാട് ചക്കുവള്ളി ഭാഗത്തേക്കുള്ള എളുപ്പമാർഗമാണ് ഇവിടെ. വില്ലാടസ്വാമിക്ഷേത്രം, തോട്ടുവാ ഭരണിക്കാവ് ക്ഷേത്രം,തെങ്ങമം ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെത്താൻ അര കിലോമീറ്റർ സഞ്ചരിക്കേണ്ടിടത്ത് ഇരുകരകളിലുമുള്ളവർ നാല് കിലോമീറ്ററിലധികം ചുറ്റിസഞ്ചരിക്കുകയാണിപ്പോൾ. എത്രയും വേഗം പാലം യാഥാർത്ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.