മല്ലപ്പള്ളി: പ്രതിപക്ഷപാർട്ടികളുടെ താൽപര്യത്തിന് വഴങ്ങി ദേശീയ ജനസംഖ്യാ പട്ടികയിൽ വ്യക്തമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ കേരളത്തിലെ രണ്ടേ മുക്കാൽ കോടി ജനങ്ങൾ സർക്കാർ ആനുകൂല്യത്തിന് അർഹതാ മാനദണ്ഡങ്ങൾക്ക് പുറത്താകുമെന്ന് ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.പൗരത്വ നിയമത്തിനെതിരേ നടക്കുന്ന കലാപങ്ങളിൽ പ്രതിഷേധിച്ച് ജനജാഗരൺ സമിതിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ മുസ്‌ലിം സമുദായത്തിന്റെ വോട്ടിൽ കണ്ണുവച്ചും ചോദ്യാവലി മനസിലാക്കാതെയുമാണ് എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികളുടെ വ്യാജപ്രചരണ പരിപാടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ്.സംസ്ഥാന സെക്രട്ടറി ആർ.രഘുരാജ്,വിവിധ ക്ഷേത്രസമിതികളെ പ്രതിനിധീകരിച്ച് സി.എസ്.പിള്ള,അജിത് അഞ്ജനം,ആർ.ഹരീന്ദ്രനാഥ്,കെ.ജി. ശശീന്ദ്രൻ,പ്രകാശ് വടക്കേമുറി,കെ.എസ്.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.