പന്തളം: പന്തളം പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സ് കാടുകയറി നശിക്കുന്നു. ഒരേക്കർ 68സെന്റ് സ്ഥലമാണ് ക്വാർട്ടേഴ്‌സിനുള്ളത്.38കുടുംബങ്ങൾക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. പത്തനംതിട്ട ജില്ല രൂപം കൊളളുന്നതിന് മുമ്പ് പന്തളം ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്നു.പന്തളം പൊലീസ് സ്റ്റേഷന്റെ ആരംഭത്തിന് മുമ്പ് പന്തളം സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങൾ മാവേലിക്കര പൊലീസ് സ്റ്റേഷന്റെ കീഴിലായിരുന്നു.പന്തളം സ്റ്റേഷനിലെ ജീവനക്കാർക്ക് ഒപ്പം മറ്റ് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ജോലി നോക്കുന്നവരും കുടുംബസമേതം ഇവിടെയാണ് താമസിച്ചിരുന്നത്. 80വർഷം മുമ്പ് പണിത കെട്ടിടങ്ങൾ ഇപ്പോൾ മേൽക്കൂരകൾ തകർന്ന് മഴക്കാലത്ത് വെളംചോർന്ന് ഒലിച്ച് ഭിത്തികളും വിണ്ടു കീറി ഏതു സമയവും നിലംപൊത്താമെന്ന സ്ഥിതിയാണ്.ഇപ്പോൾ താമസക്കാരും ഇല്ല.ഡ്യൂട്ടിക്ക് എത്തുന്ന പൊലീസുകാരുടെ വിശ്രമകേന്ദ്രമായി വല്ലപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്നു.ഇപ്പോൾ അതുമില്ല.താമസക്കാരുണ്ടായിരുന്നപ്പോൾ മുറ്റത്ത് ചെടികളും പറമ്പിൽ കാർഷിക വിളകളും കൃഷി ചെയ്തിരുന്നു.ഫലഭൂഷ്ഠമായ മണ്ണാണ് ഇവിടുത്തേത്.അതിനാൽ നല്ല വിളവും ലഭിച്ചിരുന്നു.

തൊണ്ടിമുതലുകൾ കെട്ടിക്കിടക്കുന്നു

പല കേസുകളിലെയും തൊണ്ടി മുതലായി കസ്റ്റഡിയിൽ എടുത്തിട്ടുള്ള ടിപ്പർ,കാറുകൾ,ഓട്ടോ,ബൈക്ക്,സ്‌കൂട്ടർ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇവിടെയുണ്ട്.പാമ്പിന്റെയും പട്ടികളുടെയും ആവാസകേന്ദ്രമാണ് ഇവിടം. ചുറ്റുമതിലുണ്ടായിരുന്നത് പല ഭാഗങ്ങളും തകർന്നു.പന്തളത്ത് സി.ഐ.ഓഫീസ് അനുവദിച്ചപ്പോൾ ഇതിലൊരു കെട്ടിടത്തിലായിരുന്നു ആദ്യം സി.ഐ.ഓഫീസായി പ്രവർത്തിച്ചിരുന്നത്.കഴിഞ്ഞ 4ന് ഉദ്ഘാടനം ചെയ്ത കമ്മ്യൂണിറ്റി പൊലീസ് റിസോഴ്‌സ് സെന്ററും ഈ കോമ്പൗണ്ടിലാണ് പണിതത്.

സർക്കാർ വക ഭൂമികൾ പദ്ധതികൾക്ക് നൽകണം

എം.സിറോഡിന് സമീപവും പന്തളം ജംഗ്ഷന് വിളിപ്പാട് അകലത്തിലുമുള്ളകോടികൾ വിലമതിക്കുന്ന സർക്കാർവക സ്ഥലം സമൂഹത്തിന് ഉപയോഗപ്രദമായ പദ്ധതികൾക്ക് നൽകുന്നതിന് തയാറാകണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. കാലപ്പഴക്കത്തിൽ തകർന്നുവീഴാറായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ അധികൃതർ തയാറാകണം.പ​ന്തളത്ത് ഫയർ സ്റ്റേഷൻ അനുവദിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. സ്ഥലമില്ലെന്ന കാരണത്താൽ ഇതുവരെ നിർമ്മാണം ആരംഭിച്ചിട്ടില്ല.

പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ ക്വാർട്ടേഴ്‌സ് നിർമ്മിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചിറ്റയം ഗോപകുമാർ

(എം.എൽ.എ)

-ക്വാർട്ടേഴ്സിനുള്ളത് ഒരേക്കർ 68 സെന്റ് സ്ഥലം

-38 കുടുംബങ്ങൾക്ക് താമസിക്കുന്നതിനുള്ള സൗകര്യം

-80 വർഷത്തെ പഴക്കം

-കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു-വിണ്ടുകീറി

-ഏതു സമയവും നിലം പൊത്താമെന്ന സ്ഥിതി