മാരാമൺ : പ്രഭാത സായാഹ്ന സവാരികൾക്കും വിശ്രമത്തിനുമായി ജില്ലാ പഞ്ചായത്ത് തോട്ടപ്പുഴശ്ശേരി ചിറയിറമ്പിൽ നടപ്പാക്കിയ നാലുമണിക്കാറ്റ് വഴിയോര വിനോദ വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു.
ഒരു കാലത്ത് മാലിന്യകൂമ്പാരമായിരുന്ന ചിറയിൽ നിന്ന് അവ പൂർണ്ണമായി നീക്കം ചെയ്ത് പുഞ്ചയുടെ ഇരുവശത്തും കരിങ്കൽ ഭിത്തി നിർമ്മിച്ച് നടപ്പാതയിൽ സിമന്റ് കട്ടകൾ പാകി മനോഹരമായ സംരക്ഷണ വേലികളും ഇരിപ്പിടങ്ങളും സ്ഥാപിച്ചു. വിശ്രമത്തിനായി 17 ബഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്.
സൂര്യകിരണങ്ങളെ മൂടിനിൽക്കുന്ന പുലർകാല മഞ്ഞും മാറിമാറി എത്തുന്ന വ്യത്യസ്തങ്ങളായ ദേശാടനകിളികളും നട്ടുച്ചനേരത്തുപോലും വീശുന്നകാറ്റും ജലാശയവും മരങ്ങളും പൂച്ചെടികളും, മഴമേഘങ്ങളുമൊക്കെ ചാരുത പകരുന്ന പ്രകൃതിരമണീയമായ പ്രദേശമാണിവിടം. ചരൽകുന്നുകളുടെ അടിവാരത്തിലുള്ള വശ്യമനോഹരമായ വർണകാഴ്ചകൾ ആസ്വദിക്കുവാൻ അവസരമൊരുങ്ങുകയാണ്.
വിനോദസഞ്ചാരത്തിന് അനന്തസാദ്ധ്യതകളുള്ള പ്രസിദ്ധമായ ചരൽകുന്ന്, അരുവിക്കുഴി, മയിലാടുംപാറ , പ്രമാടത്തുപാറ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാതയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. പ്രദേശത്തെ കാമറയുടെ നിരീക്ഷണവും പൊലീസിന്റെ ഇടപെടലും സാമൂഹികവിരുദ്ധശല്യം ഒഴിവാക്കുന്നതിന് സഹായകരമാണ്. ടി.കെ റോഡിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെ ദൂരം മാത്രമാണ് ഇവിടേയ്ക്കുള്ളത്.
വികസനത്തിന്റെ വേറിട്ട കാഴ്ച
വിശ്രമകേന്ദ്രം ആന്റോ ആന്റണി എം.പി നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി മുഖ്യ പ്രഭാഷണം നടത്തി. നിരീക്ഷണ കാമറകൾ ജില്ലാ പൊലീസ് മേധാവി ജി.ജയദേവും പരിസ്ഥിതിസംരക്ഷണ പദ്ധതി തിരുവല്ല സബ്ബ് കളക്ടർ ഡോ. വിനയ് ഗോയലും ഉദ്ഘാടനം ചെയ്തു. കോയിപ്രം ബ്ലോക്ക് പ്രസിഡന്റ് ആർ. കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, വൈസ് പ്രസിഡന്റ് സി.വി ഗോപാലകൃഷ്ണൻ നായർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലതാ ചന്ദ്രൻ, മഞ്ജു ലക്ഷ്മി, സി.സി.ആർ.ഐ പ്രസിഡന്റ് പ്രൊഫ. സി.എം മാത്യു, ഡോ പി.എം. മാത്യു എന്നിവർ പ്രസംഗിച്ചു.
ചെട്ടിമുക്ക് - തോണിപ്പുഴ റോഡിൽ
ചിറയിറമ്പു പുഞ്ചയിലെ പാലത്തിന് സമീപം
പ്രകൃതിയെ അറിയുന്നതിനും പരിസ്ഥിതി
സംരക്ഷണത്തിനും പ്രാധാന്യം
25 ലക്ഷം രൂപയുടെ പദ്ധതി
വികസനത്തിന്റെ വേറിട്ട കാഴ്ചകളാണ് ഇത്തരം വഴിയോര വിശ്രമ കേന്ദ്രങ്ങൾ. മാനസികാരോഗ്യം നിലനിറുത്തി രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നതിന് ഏറെ പ്രയോജനകരമാകും.
ആന്റോ ആന്റണി എം.പി