> ഇ ഹെൽത്ത് പദ്ധതി ജില്ലയിൽ മാർച്ച് 31 മുതൽ
പത്തനംതിട്ട: പേരും വയസും രോഗവും പറഞ്ഞുനൽകി ചീട്ടുമായി ഡോക്ടറെ കാണാനുളള കാത്തിരിപ്പ് ഇനി പഴഞ്ചനാകും. ജില്ലയും ഇ ഹെൽത്തിലേക്ക് മാറുന്നു. ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രികളിലും നടപ്പാക്കിത്തുടങ്ങിയ ഇ ഹെൽത്ത് പദ്ധതി കുടുംബാരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുന്നു. ആരോഗ്യ സേവനങ്ങൾ ഇനി ഓൺലൈനായി ലഭിക്കും. മാർച്ച് 31ഓടെ ജില്ലയിൽ യാഥാർത്ഥ്യമാകും. ഓതറ, ചെന്നീർക്കര, പന്തളം, വടശേരിക്കര, തണ്ണിത്തോട്, കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. ആർദ്രം പദ്ധതിയിൽപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളാണിവ.
ചികിത്സാ രേഖകളൊന്നുമില്ലാതെ ഹെൽത്ത് കാർഡ് മാത്രമുപയോഗിച്ച് ചികിത്സ തേടാൻ സാധിക്കും. ഇ ഹെൽത്തിനായി ജില്ലയൊട്ടാകെ ആരോഗ്യ പ്രവർത്തകർ വിവരശേഖരണം പൂർത്തിയാക്കിയിരുന്നു. ഇതിൽ രജിസ്റ്റർ ചെയ്തവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഓരോ വ്യക്തിക്കും പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ഓരോ വ്യക്തിയും ചികിത്സയ്‌ക്കെത്തുമ്പോൾ ഒ.പിയിൽ ഈ നമ്പർ നൽകിയാൽ മതിയാകും.
----------------------
ചികിത്സാ വിവരങ്ങൾ ഓൺലൈനിൽ
@ചികിത്സ സംബന്ധിച്ച വിവരങ്ങളെല്ലാം പൂർണമായും ഓൺലൈനാകും. ഓരോ വ്യക്തിക്കും നേരത്തെയുണ്ടായിരുന്ന രോഗത്തെ ക്കുറിച്ചുളള വിവരങ്ങൾ, പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ, കുടുംബാംഗങ്ങളുടെ വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങളും ഇ ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ നേരത്തെ നടത്തിയ ഭവനസന്ദർശനത്തിൽ ശേഖരിച്ചവയാണ് ഇവ. ഇതുമൂലം ചികിത്സയ്ക്കായി കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എത്തുേമ്പാൾ രോഗവിവരങ്ങൾ പരിശോധനാ സമയത്ത് തന്നെ ഡോക്ടർക്ക് അറിയാനാകും.
@ തുടർ പരിശോധനയ്‌ക്കെത്തുന്ന രോഗിയുടെ രോഗ വിവരങ്ങൾ അപ്പപ്പോൾ ഓൺലൈനായി അപേഡേറ്റ് ചെയ്യും. മരുന്നിന്റെ കുറിപ്പ് രോഗിയോ സഹായിയോ ഫാർമസിയിൽ എത്തും മുമ്പുതന്നെ ഫാർമസിസ്റ്റിന് കിട്ടും. പരിശോധനാഫലവും ഓൺലൈനിൽ ലഭിക്കും.
@ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാനും റഫറൽ ആശുപത്രിയിൽ നിന്നുള്ള സേവനം സുഗമമാക്കാനും ഇ ഹെൽത്ത് സംവിധാനം സഹായകമാകും. കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യ വിവരങ്ങൾ ശേഖരിച്ചിരിക്കുന്നതിനാൽ പകർച്ചവ്യാധികളും മറ്റും നേരത്തെ കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കാനും സഹായകരമാകും.
>>
ആദ്യഘട്ടം 6 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ
ഓതറ, ചെന്നീർക്കര, പന്തളം, വടശേരിക്കര, തണ്ണിത്തോട്, കോട്ടാങ്ങൽ
>>
'' ജില്ലയിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളെ ഇ ഹെൽത്ത് ആക്കുന്നത്. ചികിത്സയ്ക്കെത്തുന്നവരുടെ കാത്തിരിപ്പിനും അറുതിയാകും.
എൽ.ഷീജ, ജില്ലാ മെഡിക്കൽ ഒാഫീസർ.