ഓമല്ലൂർ: യന്ത്രവൽക്കരണം പ്രോത്സാഹിപ്പിച്ചെങ്കിൽ മാത്രമേ ഭാവിയിൽ കൃഷി ലാഭകരമാവൂ എന്നും അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ഫണ്ട് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം പറഞ്ഞു. ഓമല്ലൂർ പാടശേഖരത്തിലെ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിക്കുവേണ്ട ട്രാക്ടറുകൾ,കൊയ്ത്ത് മെതി വളപ്രയോഗം എന്നിവ നടത്തുന്നതിനുള്ള യന്ത്രങ്ങൾ എന്നിവ ഇവയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എലിസബത്ത് അബു,മുൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്.പാപ്പച്ചൻ,എൻ.ശിവരാമൻ, മെമ്പർമാരായ ബിജിലി പി.ഈശോ, ജോൺ വി.തോമസ്,ഓമല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു, ഇലന്തൂർ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി സി.പി രാജേഷ് കുമാർ, പാടശേഖര സമിതി പ്രസിഡന്റ് പ്രസന്നകുമാരൻ നായർ,മോഹനൻ നായർ എന്നിവർ പ്രസംഗിച്ചു.ബ്ലോക്കിലെ ഓരോ പ്രദേശത്തേയും തനതു നെൽകൃഷി ബ്രാന്റിംഗോടുകൂടി മാർക്കറ്റ് ചെയ്യുവാനുള്ള സഹായങ്ങളും ബ്ലോക്ക് പഞ്ചായത്ത് ചെയ്തു കൊടുക്കും.പാടശേഖരത്തിലെ ഉമ,ജ്യോതി എന്നീ നെല്ലിനങ്ങളുടെ വിളവെടുപ്പാണ് ഇപ്പോൾ നടന്നത്.ഔഷധ നെല്ലിനമായ ഞവരയുടെ വിളവെടുപ്പ് അടുത്ത മാസം ആദ്യം തുടങ്ങും.കർഷക സംഘത്തിന്റെ സഹകരണത്തോടുകൂടി ഓമല്ലൂർ പാടശേഖരത്തിലെ അരി 'ഓമല്ലൂർ അരി' എന്ന ബ്രാന്റിൽ ഓമല്ലൂർ വയൽവാണിഭത്തോടനുബന്ധിച്ച് ലഭ്യമാക്കും.ഓമല്ലൂർ പഞ്ചായത്തിനെ തരിശു രഹിത പഞ്ചായത്തായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടുത്തി.