ഇലവുംതിട്ട: ഹോട്ടലിൽ അതിക്രമിച്ചു കയറി കടയുടമയെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇലവുംതിട്ടയിൽ വ്യാപാരികൾ കടകളടച്ചു ഹർത്താൽ ആചരിച്ചു. ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് ജംഗ്ഷനിലുള്ള അശോക ഹോട്ടലിൽ മൂന്ന് യുവാക്കൾ എത്തി ഹോട്ടൽ ഉടമ രാജുവിനെ മർദ്ദിച്ചത്. മോബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. അക്രമികൾ വന്ന ബോലെറോ ജീപ്പ് പൊലീസ് കണ്ടെത്തി. മൂലൂർ സ്വദേശി അരുൺ, ഒപ്പമുണ്ടായിരുന്ന പ്രക്കാനം, കാട്ടൂർ സ്വദേശികൾ എന്നിവർക്കുവേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. രാവിലെ 6 മുതൽ വൈകിട്ടു 6വരെയായിരുന്നു ഹർത്താൽ. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പ്രകടനത്തിന് ബിനുപല്ലവി, മഹൽ രാജൻ, മോഹനൻ മയൂരി ,സുന്ദരാംഗൻ, അശോകൻ ,രത്‌നാകരൻ, മധു,രമേശൻ, റജി,വർഗ്ഗീസ്, എന്നിവർ നേതൃത്വം നൽകി. പ്രതിഷേധയോഗം ജില്ലാ ജന:സെക്രട്ടറി എെ.കെ.ഇ മാത്യു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, ലിസി അനു, ബിനു പല്ലവി, മഹൽ രാജൻ എന്നിവർ സംസാരിച്ചു.