തിരുവല്ല: മഹാപ്രളയത്തിൽ തകർച്ചയിലായ അപ്പർകുട്ടനാട്ടിലെയും മറ്റും റോഡുകൾക്ക് ഒന്നരവർഷം പിന്നിടുമ്പോഴും പുനരുജ്ജീവനമില്ല.കേരള പുനർനിർമ്മാണ ഫണ്ടുകൾ ലഭിച്ചിട്ടും പ്രളയംകവർന്ന റോഡുകളുടെ പുനരുജീവനം വൈകുകയാണ്.ഗ്രാമീണ മേഖലയിലെ പലറോഡുകളും കുണ്ടുംകുഴിയും നിറഞ്ഞതോടെ യാത്രക്കാർ ദുരിതത്തിലാണ്. തിരുവല്ല നഗരസഭയിലെയും നെടുമ്പ്രം,പെരിങ്ങര,കടപ്ര,നിരണം,കുറ്റൂർ തുടങ്ങിയ പഞ്ചായത്തുകളിലെയും ഭൂരിഭാഗം റോഡുകളും മഹാപ്രളയത്തിൽ ആഴ്ചകളോളം വെള്ളംകെട്ടിക്കിടന്നു തകർച്ചയിലായിരുന്നു.ഇതിൽ അപൂർവം ചില റോഡുകൾ മാത്രമാണ് ഗതാഗതയോഗ്യമാക്കിയത്. എന്നാൽ മറ്റുപല റോഡുകളും വെള്ളത്തിൽ മുങ്ങിയും വെള്ളം കുത്തിയൊലിച്ചും സഞ്ചാരയോഗ്യമല്ല. നഗരസഭയിലെ തിരക്കേറിയ കാട്ടൂക്കര-പാലിയേക്കര റോഡ് തകർച്ചയിലാണ്.നഗരസഭാ ചെയർമാന്റെ പേരിലുള്ള ചെയർമാൻസ് റോഡ്,മുത്തൂർ -തെറ്റാണിശേരി,പന്നിക്കുഴി-ചാലക്കുഴി,പുഷ്പഗിരി-ലവൽക്രോസ് തുടങ്ങി നിരവധി റോഡുകൾ നഗരത്തിലെ തന്നെ തകർച്ചയിലാണ്.നെടുമ്പ്രം പഞ്ചായത്തിലെ ആറുപറപടി-മാടോപ്പിൽ കോളനി-എൺപത്തിൽപ്പടി റോഡ്, ഉണ്ടപ്ലാവ്-നാലൊന്നിൽപ്പടി, ബാലാശ്രമം-പട്ടമനപ്പടി, വെട്ടത്തിൽപടി-പെരിങ്ങര,മേപ്രാൽ-വിളക്കുമരം,കറുകയിൽപ്പടി-മുണ്ടപ്പള്ളി കോളനി റോഡ്, നിരണം ഇരതോട് പമ്പാ തീരത്തെ റോഡ്,നിരണം-വീയപുരം, ആലംതുരുത്തി-നിരണം,കടപ്രയിലെ വളഞ്ഞവട്ടം റോഡ്, കുറ്റൂർ-ഓതറ റോഡ്,പൂക്കോയിൽപ്പടി-പനച്ചമൂട്ടിൽക്കടവ് റോഡ്,വള്ളിക്കടവ് ക്ഷേത്രം-ഓട്ടത്തിൽപ്പടി,കുറ്റൂർ -തെങ്ങേലി-പുതുവൽ എന്നീ റോഡുകൾക്കും ശാപമോക്ഷമില്ല .പമ്പ,മണിമല നദികളുടെ സമീപത്തുകൂടി പോകുന്ന റോഡുകളാണ് ഈഭാഗങ്ങളിൽ ഏറെയും.പുളിക്കീഴ് പാലത്തിന് കിഴക്കോട്ടുമുള്ള റോഡുകളും കുത്തിയതോട് പാലം മുതൽ കടപ്ര മാന്നാർ,തേവേരി, ഇരതോടുവരെയുള്ള നദീതീരത്തെ ഗ്രാമീണറോഡുകളും ചെളികയറി സഞ്ചാരയോഗ്യമല്ലാതെയായി.റോഡിന്റെ സംരക്ഷണഭിത്തിയുടെ വശങ്ങളും ഇടിഞ്ഞ് താണിട്ടുണ്ട്. ഇരതോട് പാടശേഖരത്തിന്റെ വശത്തെ റോഡിന്റെ പിച്ചിംഗ് തകർന്നു. ഈവേനൽക്കാലത്ത് കുറെയെങ്കിലും റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

ഫണ്ടില്ലാതെ പഞ്ചായത്തുകൾ


പഞ്ചായത്തുകളുടെ ഫണ്ട് ചെലവഴിച്ചു നന്നാക്കാൻ ആവാത്തവിധം തകർച്ചയിലാണ് മിക്ക റോഡുകളും.പദ്ധതി ചെലവുകൾക്ക് ഫണ്ടില്ലാത്തതാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വലക്കുന്നത്. ശക്തമായ ഒഴുക്കിൽ ഗ്രാമീണ റോഡുകളിൽ കുഴികൾ രൂപം കൊള്ളുകയും ഒഴുകി വന്ന ചെളി നിറയുകയും ചെയ്തു.പടിഞ്ഞാറൻ മേഖലകളിലെ റോഡുകൾക്കാണ് കൂടുതൽ നാശം സംഭവിച്ചിരിക്കുന്നത്. മഴക്കാലത്ത് ഈ റോഡുകളിൽ വഴുക്കലാണെങ്കിൽ വേനൽക്കാലത്ത് പൊടിശല്യമാണ്.കാലാവസ്ഥ അനുകൂലമായിട്ടും റോഡുകളുടെ അറ്റകുറ്റപ്പണികൾ നടക്കാത്തത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ചെങ്കിലും താൽക്കാലിക പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.