പത്തനംതിട്ട : ചൈനയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പകർന്ന കൊറോണ വൈറസിനെതിരെ പ്രതിരോധവും മുൻകരുതലും ശക്തമാക്കി ജില്ലയും. ചൈനയിൽ നിന്നെത്തിയ പതിനാറ് പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ ചൈനയിലെ ബുഹാൻ പ്രവിശ്യയിലുള്ള അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടും. എന്നാൽ ഇവർ വൈറസ് കണ്ടെത്തിയ സ്ഥലത്തല്ല പഠനം നടത്തുന്നത്. പതിനാറ് പേരിൽ ഒരാൾക്ക് ചെറിയ പനി ഉണ്ടായിരുന്നെങ്കിലും ആന്റിബയോട്ടിക് നൽകിയതോടെ അത് ഭേദമായി. ബാക്കിയാർക്കും ഒരു തരത്തിലുള്ള വൈറസ് ബാധ ലക്ഷണവും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ആരോഗ്യ വകുപ്പ് ജില്ലയിൽ മൂന്ന് ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവയാണവ.

മലയാലപ്പുഴ, ഇലന്തൂർ, വള്ളിക്കോട്, കടമ്പനാട്, കല്ലൂപ്പാറ, കീഴാറ്റൂർ , കുറ്റപ്പുഴ എന്നിവിടങ്ങളിലുള്ള നിരവധി വിദ്യാർത്ഥികൾ ചൈനയിൽ എം.ബി.ബി.എസ് പഠനത്തിന് പോയിട്ടുണ്ട്. ഇവരെയാണിപ്പോൾ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നത്.

ചൈനയിലെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടുള്ള അവധിയിലാണ് വിദ്യാർത്ഥികൾ നാട്ടിലെത്തിയത്. നിലവിലെ സാഹചര്യത്തിൽ അവധി നീളാനാണ് സാദ്ധ്യത.

 കൊറോണ വൈറസ്

പനി, തൊണ്ട വേദന, ചുമ, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. രോഗം മൂർച്ഛിച്ചാൽ ആന്തരികാവയവങ്ങളെ ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. പ്രതിരോധ മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ല. അനുബന്ധ ചികിത്സയാണ് നൽകുന്നത്.

"എയർപോർട്ട്, സീപോർട്ട് എന്നിവിടങ്ങളിൽ നിന്ന് ആരോഗ്യവകുപ്പിന് ലഭിക്കുന്ന നിർദേശം അനുസരിച്ചാണ് നിരീക്ഷണം. ഹെൽത്ത് വർക്കർമാർ നേരിട്ടും ആരോഗ്യ വകുപ്പ് ഫോണിലും നിരന്തരം പതിനാറുപേരുമായും ബന്ധപ്പെടാറുണ്ട്. ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കും. "

ഡോ.എ.എൽ. ഷീജ,

ജില്ലാ മെഡിക്കൽ ഒാഫീസർ