മലയാലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂസമരത്തിന് സാക്ഷ്യം വഹിച്ച ചെങ്ങറയിലെ 625 കുടുംബങ്ങളിലെ 3000ത്തോളം പേർ ഇപ്പോഴും സർക്കാർ രേഖകളുടെ പരിധിക്ക് പുറത്താണ്. റേഷൻ കാർഡും ആധാർ കാർഡും വോട്ടർ ഐ.ഡിയും വോട്ടവകാശവും ഇവർക്കില്ല. പൊതുതിരഞ്ഞെടുപ്പുകളിൽ ഒരു സ്ഥാനാർത്ഥിയും എത്താത്ത ഒരു പാർട്ടിയും പ്രചാരണം നടത്താത്ത സർക്കാരിന്റെ ചിത്രത്തിൽ തെളിയാത്ത ഭൂമിയായി ചെങ്ങറ മാറിയിരിക്കുന്നു.
ചെങ്ങറ സമരഭൂമി ഹാരിസൺ കമ്പനിയുടെ പേരിലായതിനാലാണ് താമസക്കാർക്ക് സർക്കാർ രേഖകളിൽ ഇടമില്ലാതെ പോകുന്നത്. 2018 മെയ് 17ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ റേഷൻ കാർഡും, വോട്ടർ ഐ.ഡി കാർഡും നൽകാൻ സർവ്വെ നടത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് നടപടികളുണ്ടായില്ല. പ്രാഥമികാരോഗ്യ കേന്ദ്രവും സ്‌കൂളും കടലാസിലൊതുങ്ങി. ചെങ്ങറയിലേക്ക് കോന്നിയിൽ നിന്നുണ്ടായിരുന്നു ട്രാൻ.സർവീസും മുടങ്ങും. 13 വർഷങ്ങളായി പോളിംഗ് ബൂത്തിൽ പോകാത്ത ചെങ്ങറക്കാർക്ക് 7 കിലോമീറ്റർ ചുറ്റളവിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ഇവിടുത്തെ ഒരു വീട്ടിലും വൈദ്യുതിയോ, റേഷൻ കാർഡോ ഇല്ല. ഓലയും പ്ലാസ്റ്റിക്കും വലിച്ചുകെട്ടിയ ഒറ്റമുറി ഷെഡുകളിലാണിവർ താമസിക്കുന്നത്. 18 വയസു വരെയുള്ള കുട്ടികൾക്ക് സർക്കാർ സൗജ്യന്യ ചികിത്സ ഏർപ്പെടുത്തിയിട്ടുണ്ടങ്കിലും രേഖകളില്ലാത്തതിനാൽ ഇവിടുത്തെ 1000 ത്തോളം വരുന്ന കുട്ടികൾക്കത് ലഭ്യമല്ല.
13 വർഷം പിന്നിടുമ്പോൾ സമരഭൂമിയിൽ മരിച്ചത് 127 പേർ
കഴിഞ്ഞ 13 വർഷമായി റേഷൻ കാർഡിനും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുമായി സെക്രട്ടറിയേറ്റ്, കളക്ട്രേറ്റ്, താലൂക്കാഫീസ്, വില്ലേജാഫീസ്, ഗോത്രവർഗ്ഗകമ്മിഷനാഫീസ് എന്നിവിടങ്ങളിൽ കയറിയിറങ്ങുകയാണ്. ഒരു പ്രയോജനവും ലഭിച്ചിച്ചിട്ടില്ല.
ഗീത
സമരഭൂമിയിലെ താമസക്കാരി
സമരം തന്നെ ജീവിതം
2007 ഓഗസ്റ്റ് 4 നാണ് ളാഹ ഗോപാലന്റെ നേതൃത്വത്തിൽ പാട്ട കാലാവധി കഴിഞ്ഞ ചെങ്ങറ ഹാരിസൺ പ്ലാന്റെഷന്റെ റബ്ബർ തോട്ടത്തിൽ കുടിലുകൾ കെട്ടി സമരം ആരംഭിച്ചത്.
2009 ഒക്ടോബർ 5 ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ സർക്കാർ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ ചെങ്ങറ പാക്കേജ് നടപ്പിലാക്കാൻ തീരുമാനിച്ചതോടെ സമരം ഒത്തുതീർപ്പായി.
1432 കുടുംബങ്ങൾക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭൂമി അനുവദിച്ചു. പല കുടുംബങ്ങളും സമരഭൂമി വിട്ടുപോയപ്പോൾ പുതിയതായി ചിലരെത്തി.സർക്കാർ നൽകിയ ഭൂമി വാസയോഗ്യമല്ലാതെ തിരികെ വന്നവരുമുണ്ട്. ഇപ്പോഴിവിടെ 625 കുടുബങ്ങളാണുള്ളത്.
ഇന്നത്തെ ചെങ്ങറ
സമരക്കാർക്കിടയിൽ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായി നേതാവ് ളാഹ ഗോപാലൻ ചെങ്ങറ വിട്ടു പോയി. ഇപ്പോൾ രണ്ട് വിഭാഗമായി തിരിഞ്ഞ് താമസിക്കുന്ന ഇവർ പുറത്ത് കൂലിപ്പണി ചെയ്ത് ജീവിക്കുകയാണ്.
സർക്കാർ നൽകിയ ഭൂമി വാസയോഗ്യമല്ലന്നാരോപിച്ച് ഇവിടെ തിരികെയെത്തിയ 500 ഓളം പേരെ സമരഭൂമിയിലേക്ക് കയറ്റി വിടാതെ ഇവിടുത്തെ താമസക്കാർ തടഞ്ഞത് അടുത്തിടെ സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു.