പത്തനംതിട്ട: 108ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതൽ 9 വരെ പമ്പാ

മണൽപ്പുറത്ത് വിദ്യാധിരാജ നഗറിൽ അഷ്ടോത്തരശത പരിഷത്തായി നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
2ന് പുലർച്ചെ 4.30ന് സമൂഹ മഹാഗണപതിഹോമത്തിന് സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. രുദ്രഏകാദശിഹോമത്തിന് മഹാമഹോപാധ്യായ ഡോ. കെ.ജി. ശേഷാദ്രിനാഥ ശാസ്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.
10ന് പന്മന ആശ്രമത്തിൽ നിന്ന് ജ്യോതിപ്രയാണ ഘോഷയാത്രയും എഴുമറ്റൂർ പരമഭട്ടാരക ആശ്രമത്തിൽ നിന്ന് ഛായാചിത്ര ഘോഷയാത്രയും അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്ന് പതാകഘോഷയാത്രയും സമന്വയിച്ച് ചെറുകോൽപ്പുഴ വിദ്യാധിരാജ സ്മൃതിമണ്ഡപത്തിൽ നിന്ന് വിദ്യാധിരാജ നഗറിലേക്ക് സ്വീകരിക്കും.10.20ന് ഭദ്രദീപം തെളിക്കൽ, ഛായാചിത്രപ്രതിഷ്ഠ. തുടർന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ പതാക ഉയർത്തും. 10.30ന് മഹായതിപൂജ. 2.30ന് ആചാര്യസഭ. വൈകിട്ട് നാലിന് മഹാരാഷ്ട്ര കൊൽഹാപ്പൂർ കനേരി മഠാധിപതി സ്വാമി അദൃശ്യ കാഡ്സിദ്ധേശ്വര ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യും. കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിക്കും. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ.ഹരിദാസ് മുൻപ്രസിഡന്റ് ടി.എൻ.ഉപേന്ദ്രനാഥക്കുറുപ്പിനെ അനുസ്മരിക്കും. സ്മരണിക പ്രകാശനം ഒ. രാജഗോപാൽ എം.എൽ.എ നിർവഹിക്കും. സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. രാജു ഏബ്രഹാം എം.എൽ.എ സംസാരിക്കും.

മൂന്നിന് രാവിലെ 9.30ന് ഭാഗവതാചാര്യ സമാദരണസഭയിൽ തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഗോലോകാനന്ദയുടെ പ്രഭാഷണം. 12.45ന് 108 കുട്ടികളുടെ ഗീതാപാരായണം. രണ്ടിന് യുവവിജ്ഞാനസംഗമത്തിൽ സ്വാമി ഉദിത് ചൈതന്യ അദ്ധ്യക്ഷത വഹിക്കും. വിദ്യാസാഗർ ഗുരുമൂർത്തി സംസാരിക്കും. വൈകിട്ട് ഏഴിന് സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം. 4ന് രാവിലെ 10ന് കാർഷികസെമിനാറും കർഷക വന്ദനവും. മുൻ കൃഷിഡയറക്ടർ ഡോ. ആർ. ഹേലി, തിരുവനന്തപുരം തണൽ ഡയറക്ടർ എസ്. ഉഷാകുമാരി, മുൻ മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. ശുദ്ധോധനൻ എന്നിവരുടെ പ്രഭാഷണം. കർഷകരെ ആദരിക്കും.

ഉച്ചയ്ക്ക് 3ന് പമ്പാ പരിസ്ഥിതിസമ്മേളനത്തിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അദ്ധ്യക്ഷത വഹിക്കും. പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് പമ്പാ ആരതി. 7.30ന് ഡോ. എൻ. ഗോപാലകൃഷ്ണന്റെ പ്രഭാഷണം.
5ന് രാവിലെ 10ന് ക്ഷേത്രാനുഷ്ഠാനകലാകാരൻമാരെ ആദരിക്കും. തീർത്ഥപാദ ദർശനസമീക്ഷ

മാർഗദർശക് മണ്ഡൽ സംസ്ഥാന പൊതുകാര്യദർശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.

6ന് രാവിലെ 10.30 മുതൽ അന്താരാഷ്ട്ര ഹിന്ദു നേതൃ സമ്മേളനം. ഡോ. സതീഷ് അമ്പാടി (അമേരിക്ക), ആചാര്യ ഡേവിഡ് ഫ്രോളി (അമേരിക്ക), ഗോപവൃന്ദദാസ് (മെൽബോൺ), ചന്ദ്രകാന്ദ്

ശർമ്മ (യൂറോപ്പ്), ജിബി ഗോപാലൻ (ഇംഗ്ളണ്ട്), അനിൽകുമാർ പിള്ള (അമേരിക്ക)എന്നിവർ സംസാരിക്കും.
അയ്യപ്പഭക്തസമ്മേളനത്തിൽ ആൾ ഇന്ത്യ അയ്യപ്പ ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ ടി.പി.സെൻകുമാർ, പന്തളം കൊട്ടാരം നിർവാഹക സമിതി അദ്ധ്യക്ഷൻ പി.ജി.ശശികുമാരവർമ്മ, അയ്യപ്പസേവാസംഘം ദേശീയ

ജനറൽസെക്രട്ടറി എൻ. വേലായുധൻനായർ, ശബരിമല അയ്യപ്പസേവാസമാജം ദേശീയ

ജനറൽ സെക്രട്ടറി ഈറോഡ് രാജൻ, ചരിത്രഗവേഷകൻ ജി. അമൃതരാജ് എന്നിവർ പങ്കെടുക്കും. വൈകിട്ട് 7ന്

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയുടെ പ്രഭാഷണം.

7ന് രാവിലെ ഏഴ് മുതൽ 1008പേരുടെ സമ്പൂർണ്ണ നാരായണീയജപം. 2.30 മുതൽ ആചാര്യാനുസ്മരണസമ്മേളനത്തിൽ വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ

തീർത്ഥപാദർ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, അഡ്വ. കെ. അയ്യപ്പൻ പിളള, സ്വാമി ശങ്കരാനന്ദതീർത്ഥപാദർ, ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ, പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിളള, സ്വാമി ഗീതാനന്ദ, ഹരികുമാർ ഇളയിടത്ത് എന്നിവർ സംസാരിക്കും. വൈകിട്ട് ഏഴിന് സച്ചിദാനന്ദ സ്വാമിയുടെ പ്രഭാഷണം.
8ന് രാവിലെ 9മുതൽ 1008 കുട്ടികളുടെ ഗീതാപാരായണം, ബാലമഹാസമ്മേളനം, മാതൃവന്ദനം, വനിതാസമ്മേളനം. വൈകിട്ട് ഏഴിന് രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണം.

9ന് രാവിലെ10ന് മതപാഠശാല/ബാലഗോകുലം സമ്മേളനം. മൂന്നിന് സമാപനസമ്മേളനം മൈസൂർ അവധൂത ദത്താപീഠം മഠാധിപതി സ്വാമി ഗണപതി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.

അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അദ്ധ്യക്ഷത വഹിക്കും. കുമ്മനം രാജേശേഖരൻ സമാപന സന്ദേശം നൽകും.

പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കെ .ഹരിദാസ് , ട്രഷറർ ടി .കെ സോമനാഥൻ നായർ, പബ്‌ളിസിറ്റി ചെയർമാൻ എം.അയ്യപ്പൻകുട്ടി, ജനറൽ കൺവീനർ അനിരാജ്, കൺവീനർ ശ്രീജിത്, എക്‌സി. കമ്മറ്റി അംഗം എം.പി.ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.