അടൂർ : ഒരു പ്രദേശത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ വികസനത്തിൽ നിർണായകമാകുന്നത് വിദ്യാലയങ്ങളാണ്. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നതോടെ അവർ പ്രദേശത്തിന്റെ മാത്രമല്ല വിദ്യ പകർന്നുനൽകിയ ആലയത്തിന്റെ കൂടി അഭിമാനങ്ങളായി മാറുകയാണ്. അത്തരത്തിൽ ആയിരങ്ങളെ ഉന്നതങ്ങളിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ജില്ലയിലെ ശ്രദ്ധേയമായ സരസ്വതീക്ഷേത്രമാണ് ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. അടൂരിന്റെ കിഴക്കൻ മേഖലകളിൽ ഹൈസ്കൂൾ ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് ഇളമണ്ണൂർ കളീയ്ക്കൽ വീട്ടിൽ അഡ്വ.കെ. ആർ. രാധാകൃഷ്ണൻ നായരുടെ ദീർഘവീക്ഷണം 1976 ൽ ഒരു വിദ്യാകേന്ദ്രത്തിന്റെ ഉദയത്തിന് വഴിമാറിയത്. കെ.പി റോഡരുകിലുള്ള മൂന്നര ഏക്കർ സ്ഥലം ഹൈസ്കൂൾ തുടങ്ങുന്നതിനായി മാറ്റിവച്ചതോടെ കിലോമീറ്ററുകൾ താണ്ടി പറക്കോടും പത്തനാപുരത്തും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം നേടിവന്ന നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസമായി. അഡ്വ. കെ.ആർ. രാധാകൃഷ്ണൻ സ്ഥാപക മാനേജരായിരുന്നു. 1976 ജൂൺ 30 ന് ഹൈസ്കൂൾ തലത്തിൽ ആറ് ഡിവിഷനുകളോടെയിരുന്നു ഇളമണ്ണൂർ സ്കൂളിന്റെ തുടക്കം. അന്ന് വൈദ്യുതി മന്ത്രിയായിരുന്നു എം.എൻ.ഗോവിന്ദൻ നായർ സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ആരംഭിക്കാൻ സർക്കാർ തലത്തിൽ പിന്തുണ നൽകിയ അന്നത്തെ അടൂർ എം.എൽ.എ തെങ്ങമം ബാലകൃഷ്ണൻ അദ്ധ്യക്ഷനുമായി. ടീച്ചർ ഇൻചാർജ്ജായി എ.സതീശൻ നായർ നിയമിതനായി. പൂർണമായും ഹൈസ്കൂൾ ആയതോടെ പി. രാമകൃഷ്ണകുറുപ്പ് പ്രഥമ ഹെഡ്മാസ്റ്ററുമായി. കർഷകരും കർഷകതൊഴിലാളികളും ഇടത്തട്ടുകാരും തിങ്ങിപാർക്കുന്ന പ്രദേശത്ത് പാഠ്യ - പാഠ്യേതര വിഷയങ്ങളിൽ സ്കൂൾ മൂന്ന് വർഷത്തിനുള്ളിൽ ഉന്നത നിലവാരത്തിലെത്തി. കുട്ടികൾ കൂടിയതോടെ എട്ടാം ക്ളാസിൽ തന്നെ 7 ഡിവിഷനുകൾ വേണ്ടിവന്നു. പി.രാമകൃഷ്ണകുറുപ്പ് സർവ്വീസിലിരിക്കെ മരണമടഞ്ഞതയോടെ എ.ആർ.ശങ്കരൻനായരായിരുന്ന തുടർന്ന് ഹെഡ്മാസ്റ്റർ പദവിയിലെത്തിയത്. അദ്ദേഹത്തിന്റെ കാലഘട്ടം സ്കൂളിന്റെ സുവർണ്ണകാലഘട്ടമെന്നാണ് അറിയപ്പെടുന്നത്. അതിന് ശേഷം എ. സതീശൻനായർ പ്രഥമ അദ്ധ്യാപകനായി. 1993 ൽ രണ്ട് കോഴ്സുകളുമായി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളായി ഉയർന്നു. 95 ൽ എത്തിയപ്പോഴേക്കും 6 കോഴ്സുകളുള്ള കേരളത്തിലെ തന്നെ അപൂർവ്വം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒന്നായി. ഹൈസ്കൂൾ, വി. എച്ച്. എസ്. ഇ വിഭാഗങ്ങളിലായി അഞ്ഞൂറോളം വിദ്യാർത്ഥികൾ ഇന്നിവിടെ പഠിക്കുന്നുണ്ട്. വിവിധ മേഖലകളിൽ ഒട്ടേറെ പ്രഗത്ഭരെ വാർത്തെടുക്കുന്നതിൽ ഇൗ സരസ്വതീക്ഷേത്രം നിർണ്ണായക പങ്ക് വഹിച്ചു. തകിച്ചും സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഇവിടെ കഴിഞ്ഞ 5 വർഷമായി എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറ്മേനിയാണ് വിജയം. പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്നു. എൻ.സി.സി, എൻ.എസ്.എസ് തുടങ്ങിയ വിവിധ ക്ളബ്ബുകളും സജീവമാണ്. സ്കൂൾ, വി.എച്ച്.എസ്.ഇ കലോത്സവങ്ങൾക്ക് ആതിഥ്യമേകിയതിനൊപ്പം സംസ്ഥാനതല കലോൽത്സവങ്ങളിലും ഇവിടുത്തെ കുട്ടികൾ മാറ്റുരച്ചിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ ജില്ല വിജയശതമാനത്തിൽ പിന്നോക്കം പോയപ്പോഴും ചിട്ടയായ പഠനമികവിൽ ഇൗ സ്കൂൾ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കി.
പഠനമികവിനൊപ്പം കാർഷിമേഖലയിലും കൈയ്യൊപ്പ് പതിക്കുവാൻ ഇൗ വിദ്യാലയത്തിനായി. കർഷകരെ സംഘടിപ്പിച്ച് തരിശുനിലങ്ങൾ കൃഷിക്ക് അനുയോജ്യമാക്കി നെൽകൃഷിയിലും നൂറ്മേനി കൊയ്തു.
സ്കൂൾ മാനേജ്മെന്റിന്റെ തികഞ്ഞ ജാഗ്രതയും അദ്ധ്യാപകരുടെ അർപ്പണബോധവും വിദ്യാർത്ഥികൾക്കിടയിലെ തികഞ്ഞ അച്ചടക്കവും ചിട്ടയായ പഠനരീതിയുമാണ് മറ്റ് സ്കൂളുകളിൽ നിന്ന് ഇൗ വിദ്യാലയത്തെ വേറിട്ടു നിറുത്തുന്നത്.
പുരസ്ക്കാര പ്രഭയിൽ
2017 - 18 വർഷം ജില്ലയിലെ ഏറ്റവും നല്ല എൻ. എസ്. എസ് യൂണിറ്റിനുള്ള അവാർഡ്, നടപ്പു വിദ്യാഭ്യാസ വർഷത്തിൽ ശ്രേഷ്ഠബാല്യം പദ്ധതി നടപ്പിലാക്കിയതിനുള്ള മികച്ച സ്കൂളിനുള്ള ജില്ലാതലഅവാർഡ്, ഏറ്റവും നല്ല കരിയർ മാസ്റ്ററിനുള്ള സംസ്ഥാന അവാർഡ് എന്നിവ അടുത്തിടെ ലഭിച്ച പുരസ്കാരങ്ങളാണ്.