ജില്ലാ വികസന സമിതി

പത്തനംതിട്ട: ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ എല്ലാ സ്ഥലങ്ങളിലും ടാങ്കർ ലോറികളിൽ അടിയന്തരമായി സൗജന്യ കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം അലക്‌സ് പി. തോമസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു.
തോട്ടഭാഗം​ ചങ്ങനാശേരി, കുറ്റൂർ​കിഴക്കൻമുത്തൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് മാത്യു ടി തോമസ് എം.എൽ.എ നിർദേശിച്ചു. അടൂർ നിയോജകമണ്ഡലത്തിൽ പല സ്ഥലത്തും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. പുറമറ്റം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് സംയുക്ത യോഗം വിളിച്ചു ചേർക്കുമെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു.
കോഴഞ്ചേരി, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ പറഞ്ഞു. എഴുമറ്റൂർ ആശ്രമം, താന്നിക്കൽപ്പടി, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം ഉറപ്പാക്കണമെന്ന് ആന്റോ ആന്റണി എം.പിയുടെ പ്രതിനിധി അഡ്വ.കെ. ജയവർമ്മ പറഞ്ഞു.
അപ്പർക്കുട്ടനാട്ടിലെ നെൽകർഷകർക്ക് എതിരേ ബാങ്കുകൾ ആരംഭിച്ച ജപ്തി നടപടി നിർത്തിവയ്ക്കണമെന്ന് മാത്യു ടി തോമസ് എം.എൽ.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തിരുവല്ല മഴുവങ്ങാടിനു സമീപം പുതിയ ബൈപ്പാസ് റോഡിന്റെ വശങ്ങൾ മണ്ണിട്ട് നികത്തിയതു മൂലം വീടുകളിൽ വെള്ളം കയറുന്നതായും പരിഹാരം വേണമെന്നും എം.എൽ.എ നിർദേശിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ വൈദ്യുതി തകരാർ പരിഹരിക്കണം. ഇതു മൂലം ഓപ്പറേഷൻ തിയേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ഇക്കാര്യം ചർച്ച ചെയ്യുന്നതിന് 30ന് രാവിലെ 11ന് ബന്ധപ്പെട്ടവരുടെ യോഗം ആശുപത്രിയിൽ വിളിക്കണം. ചെങ്ങരൂർ മങ്കുഴിപ്പടി റോഡിലെ വൈദ്യുതി ലൈൻ ഉയർത്തണം. കുന്നന്താനം പാലക്കാത്തകിടി ഗവ. സ്​കൂളിന്റെ വികസന പ്രവർത്തനത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ നാലു വർഷമായിട്ടും വിനിയോഗിക്കാത്തതു സംബന്ധിച്ച് ജില്ലാ കളക്ടർ ഫയൽ വിളിച്ചു വരുത്തി നടപടിയെടുക്കണം. എം.എൽ.എ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന മല്ലപ്പള്ളി ടോയ്‌ലറ്റ് കോംപ്ലക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് യോഗം വിളിക്കണം. തിരുവല്ല ബൈപ്പാസിന്റെ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗം മാർച്ച് ഒന്നിനും ബാക്കി ഭാഗം ഏപ്രിൽ അവസാനവും ഉദ്ഘാടനം ചെയ്യുമെന്ന് കെഎസ്ടിപി അധികൃതർ എം.എൽ.എയെ അറിയിച്ചു.
വന്യജീവികളുടെ ശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല ജാഗ്രതാ സമിതികൾ 15ന് മുൻപ് ചേരണമെന്ന് രാജു ഏബ്രഹാം എം.എൽ.എ നിർദേശിച്ചു. ജാഗ്രതാ സമിതികളിൽ ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വിശദീകരിക്കണം. പന്നി ശല്യം രൂക്ഷമായതു മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നതിന് പരിഹാരം കാണണം. മണ്ണടിശാല, അരയാഞ്ഞിലിമൺ, മുക്കുഴി, കോട്ടൂപ്പാറ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് പട്ടയം വിതരണം ചെയ്യണം. ശബരിമല റോപ്വേ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിംഗിന് തീയതി നിശ്ചയിക്കണം. റാന്നി പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവ് നൽകണമെന്നും രാജു ഏബ്രഹാം എംഎൽഎ നിർദേശിച്ചു.
പത്തനംതിട്ട വാര്യാപുരത്തിനു സമീപം പുളിമൂട്ടിൽ നിലം നികത്തിയത് പൂർവസ്ഥിതിയിലാക്കണമെന്ന് വീണാ ജോർജ് എം.എൽ.എ നിർദേശിച്ചു. മാലിന്യപ്രശ്‌നത്തിനും തെരുവ്‌നായ ശല്യത്തിനുമെതിരേ പത്തനംതിട്ട നഗരസഭ നടപടിയെടുക്കണം. വടശേരിക്കര, റാന്നി ബസുകൾ മൈലപ്രയ്ക്കു പോകാതെ ട്രിപ്പ് മുടക്കുന്നതിനെതിരേ നടപടി സ്വീകരിക്കണം. പോളച്ചിറ ടൂറിസം പദ്ധതി ഏറ്റെടുത്ത് നടത്തുന്നതിന് ഡിടിപിസിയെ ചുമതലപ്പെടുത്തണം. പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ ഓഫീസിന് സ്ഥലം കണ്ടെത്തി നൽകണം. ഓമല്ലൂർ​പന്തളം, മഞ്ഞനിക്കര​ഇലവുംതിട്ട​മുളക്കുഴ റോഡിലെ വൈദ്യുത പോസ്റ്റുകൾ വശങ്ങളിലേക്ക് മാറ്റണം. ഈ റോഡിലെ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കണം. മാരാമൺ, മഞ്ഞനിക്കര, ചെറുകോൽപ്പുഴ കൺവൻഷനുകളുമായി ബന്ധപ്പെട്ട് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും വീണാ ജോർജ് എംഎൽഎ നിർദേശിച്ചു..