പത്തനംതിട്ട :കുമ്പഴയിൽ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.റാന്നി അത്തിക്കയത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന പുത്തൻവീട്ടിൽ ജഗദീശൻ (35) ആണ് പരിക്കേറ്റത്. വേണാട് സ്വകാര്യ ബസ് ഡ്രൈവറായ ജഗദീശൻ രാവിലെ ജോലിക്കായി പത്തനംതിട്ടയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ജഗദീശന്റെ തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ 6.10ന് ആയിരുന്നു സംഭവം. ബൈക്കിന് മുന്നിൽ അപ്രതീക്ഷമായി കാട്ടുപന്നിക്കൂട്ടത്തെ കണ്ട് ജഗദീശൻ പന്നിയെ ഇടിയ്ക്കാതിരിക്കാൻ പെട്ടന്ന് ബ്രേക്കിട്ടപ്പോൾ ബൈക്കിൽ നിന്ന് താഴെവീഴുകയായിരുന്നു. തുടർന്ന് കാട്ടുപന്നികൾ കൂട്ടമായി ജഗദീശിനെ ആക്രമിച്ചു.കൂട്ടത്തിൽ ഒരു പന്നി തലയിൽ കുത്തുകയും ചെയ്തു.നാട്ടുകാരാണ് ജഗദീശിനെ ആശുപത്രിയിലെത്തിച്ചത്.ഇതിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു കാട്ടുപന്നി സമീപത്തെ കടയുടെ ഗേറ്റിൽ കുടുങ്ങി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി കാട്ടുപന്നിയെ രക്ഷപ്പെടുത്തി.പ്രദേശത്ത് കാട്ടപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടുണ്ട്.കുമ്പഴ വടക്ക്,മൈലപ്ര ഭാഗങ്ങളിൽ മുമ്പും സമാനമായി കാട്ടുപന്നി ആക്രമണം ഉണ്ടായിട്ടുണ്ട്.