പത്തനംതിട്ട : അനിയൻ കൊല്ലപ്പെട്ട വിവരം കോയിപ്രം പൊലീസിൽ അറിയിക്കാൻ ചെന്ന ജ്യേഷ്ഠനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലിട്ട സംഭവത്തിൽ പത്തനംതിട്ട ഡിവൈ.എസ്.പി മനുഷ്യാവകാശ കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി പരിശോധിച്ച് ശരിയാണോ എന്ന് വിലയിരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. റിപ്പോർട്ട് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഇടക്കാല ഉത്തരവിൽ പറഞ്ഞു.
പത്തനംതിട്ട തടിയൂർ സ്വദേശിനി ഷൈലാമണി സമർപ്പിച്ച പരാതിയിലാണ് നടപടി. ഇവരുടെ മകൻ അഭിലാഷ് ജി.നായരെ കഴിഞ്ഞ മേയ് 23 ന് വീടിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂത്തമകൻ അനീഷ് ജി.നായരെയാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ അഭിലാഷിനെ അനീഷ് അടിച്ചു കൊന്നെന്നാണ് റിപ്പോർട്ട്.
പെയിന്റിംഗ് കരാറുകാരനായ അഭിലാഷ് ജി. നായരുടെ കൈയിൽ മരണസമയത്ത് ഉണ്ടായിരുന്ന 50000 രൂപ അപ്രത്യക്ഷമായതിനെ കുറിച്ച് അന്വേഷിക്കാത്തതെന്തെന്ന് വിശദീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.