അടൂർ: കുട്ടികളുടെ കലാരംഗത്തെ കഴിവുകൾ വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ അടൂർ ഗവ..ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നടത്തുന്ന കലാജാഥ ഇന്ന് തുടങ്ങും.. .അടൂർ സെന്റ് മേരീസ് സ്കൂളിൽ രാവിലെ 11ന് ചിറ്റയം ഗോപകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. ചിൽഡ്രൻസ് തിയേറ്റർ കലാജാഥയിൽ പരിശീലനം ലഭിച്ച സ്കൂളിലെ അൻപതോളം കുട്ടികളാണ് വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന നാടകത്തിൽ അണിനിരക്കുക. മദ്യത്തിനും മയക്കുമരുന്നിനും എതിരായ സന്ദേശം നൽകുന്നതിനൊപ്പം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതും, ഗാന്ധിജിയുടെ 150-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള ചെറുനാടകങ്ങളാണ് കലാജാഥയിലുള്ളത്. മനോജ് നാരായണനാണ് സംവിധായകൻ. കഴിഞ്ഞ രണ്ട് വർഷങ്ങളിലും പള്ളിക്കൽ ഡിവിഷനിലെ സ്കൂളുകളിൽ നിന്ന് ലഭിച്ച സ്വീകാര്യതയാണ് ഇത്തവണയും കലാജാഥ സംഘടിപ്പിക്കുവാൻ പ്രചോദനമായതെന്ന് ജില്ലാപഞ്ചായത്ത് അംഗം റ്റി മുരുകേഷ് പറഞ്ഞു. പള്ളിക്കൽ ഡിവിഷനിലെ തിരഞ്ഞെടുത്ത സ്കൂളുകളിലാണ് ജാഥ പര്യടനം നടത്തുന്നത് .ഇന്ന് വൈകിട്ട് 3 നു ഗാന്ധി സ്മൃതി മൈതാനിയിലും കലാജാഥ അരങ്ങേറും.