കോന്നി : വേനൽ തുടങ്ങിയില്ലെങ്കിലും ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് മലയോര മേഖലയെ കടുത്ത വറുതിയിലാക്കി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. കോന്നി, അരുവാപ്പുലം, നാറാണംമൂഴി ഗ്രാമപഞ്ചായത്തുകളിൽ ഭുഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ജിയോളജി, ഹൈഡ്രോജിയോളജി റിമോട്ട് സെൻസിംഗ്, റോക്ക് സ്ട്രക്ചറുകൾ, ഭൂഗർഭ ജല റീച്ചാർജിംഗ് തുടങ്ങിയവയെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാകുന്നത്. കോന്നി താലൂക്കിൽ കൈത്തോടുകളും ചെറു ജലാശയങ്ങളും വറ്റിവരണ്ടു.

പദ്ധതികളിൽ വെള്ളമില്ല
മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കിയിട്ടുള്ള പല കുടിവെള്ള പദ്ധതികളിലും ആവശ്യത്തിന് വെള്ളമില്ല. തണ്ണിത്തോട്ടിലൂടെ കടന്നുപോവുന്ന കല്ലാർ നദിയുടെ മിക്കഭാഗങ്ങളും വറ്റിവരണ്ട നിലയിലാണ്. തണ്ണിത്തോട്, തേക്കുതോട്, തലമാനം, മണ്ണീറ, അതുമ്പുംകുളം, പയ്യനാമൺ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. മലയോര ഗ്രാമങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിലാണ് വെള്ളമെത്തിക്കുന്നത്. കല്ലട ഇറിഗേഷൻ വകുപ്പും ജലം എത്തിക്കാതായതോടെ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണ്. വാഴ, നെല്ല് എന്നീ കൃഷിയിടങ്ങളെയാണ് വേനൽച്ചൂട് ബാധിച്ചിട്ടുള്ളത്. പഞ്ചായത്തുകളുടെ മേൽനോട്ടത്തിലുള്ള ചെറുകിട ജലസേചന പദ്ധതികളും കാര്യക്ഷമമല്ല.

പൈപ്പ് പൊട്ടിയും പാഴാകുന്നു.

ജല അതോറിറ്റിയുടെ പൈപ്പുകൾ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാവുന്നത് തടയാൻ നടപടിയില്ല. തകരാറുള്ളവ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറാകാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ പൊതുടാപ്പുകളിലൂടെയും വെള്ളം നഷ്ടപ്പെടുന്നു.

മണ്ണെടുപ്പും വയൽ നികത്തലും

അനധികൃത മണ്ണെടുപ്പും വയൽ നികത്തലുമാണ് കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നത്. പൊതുകുളങ്ങളും ജലാശയങ്ങളും നിർമ്മിച്ച് ജലശേഖരണത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കാൻ അധികൃതരും തയാറായിട്ടില്ല.

കൂടുതൽ മഴ ലഭിച്ചിട്ടും രക്ഷയില്ല

വർഷകാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷം. കിഴക്കൻ മലയോരത്ത് മുൻ വർഷങ്ങളിൽ സംസ്ഥാന ശരാശരിയുടെ 100 മുതൽ 850 ശതമാനം വരെ അധിക മഴ ലഭിച്ചിരുന്നു.