ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: നിയമപരമായി ഗർഭഛിദ്രം നടത്താനുള്ള അനുവദനീയ പരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
ഇതിനായി 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ജനുവരി 31 ന് ആരംഭിക്കുന്ന പാർലമെൻറിൻറെ ബഡ്ജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
ഗർഭഛിദ്ര നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് കഴിഞ്ഞവർഷം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. വ്യാജ ക്ലിനിക്കുകളെ ആശ്രയിച്ച് സുരക്ഷിതമല്ലാത്ത ഗർഭഛിദ്രത്തിന് വിധേയമാകുന്ന സാഹചര്യം പാർലമെൻറ് സമിതിയും ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് മാതൃമരണത്തിൽ എട്ടു ശതമാനവും സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം മൂലമാണെന്നാണ് കണക്കുകൾ.
കാനഡ, ചൈന, നെതർലൻഡ്സ്, വടക്കൻ കൊറിയ, സിംഗപ്പൂർ, അമേരിക്ക, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ 20 ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രം അനുവദിക്കുന്നുണ്ട്.
രണ്ട് ഡോക്ടർമാരുടെ
അനുമതി വേണം
മാനഭംഗത്തിന് ഇരയായവർ, ഭിന്നശേഷിക്കാർ, പ്രായപൂർത്തിയാകാത്ത ഗർഭിണികൾ തുടങ്ങി ആഗ്രഹിക്കാതെ ഗര്‍ഭിണികളാവുന്നവര്‍ക്ക് സുരക്ഷിതമായും നിയമപരമായും ഗർഭച്ഛിദ്രത്തിന് വഴിയൊരുക്കാനാണ് ഭേദഗതി.
രണ്ടു ഡോക്ടർമാരുടെ അനുമതി ആവശ്യമാണ്. ഇതിൽ ഒരാൾ ഗവൺമെൻറ് ഡോക്ടറായിരിക്കണം.
മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ ഗുരുതരമായ ഭ്രൂണ വൈകല്യങ്ങൾ കണ്ടെത്തുന്നവർക്ക് നിശ്ചിത കാലാവധി തടസമില്ല.
. ഗർഭഛിദ്രത്തിന് വിധേയയാകുന്ന സ്ത്രീയുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ നിയമപരമായി അധികാരപ്പെടുത്തുന്ന ആൾക്ക് മുമ്പിലല്ലാതെ വെളിപ്പെടുത്തില്ല.
'നിയമം മാനഭംഗ ഇരകൾക്കും അസുഖബാധിതർക്കും പ്രായപൂർത്തിയാകാത്തവർക്കും സഹായകമാകും. സ്ത്രീകളുടെ അന്തസും സ്വയംനിർണയാവകാശവും നിതീയും ഉറപ്പാക്കും'.
- കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ