ന്യൂഡൽഹി: ദയാഹർജി രാഷ്ട്രപതി തള്ളിയതിനെതിരെ നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗ് (32) സമർപ്പിച്ച ഹർജി ജസ്റ്റിസ് ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് തള്ളി. ദയാഹർജി പെട്ടെന്ന് പരിഗണിച്ചതിനും വേഗത്തിൽ തള്ളിയതിനും കാരണം, അത് രാഷ്ട്രപതി കൃത്യമായി മനസിലാക്കാതെയാണെന്നുള്ളത് അംഗീകരിക്കാനാവില്ലെന്നാണ് ബെഞ്ച് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചാണ് ദയാഹർജി തള്ളിയതെന്നും കോടതി അറിയിച്ചു. മതിയായ ആലോചനകളില്ലാതെയാണ് രാഷ്ട്രപതി ദയാഹർജി തള്ളിയതെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടുന്നതിൽ കോടതിക്കു പരിമിതിയുണ്ടെന്നും നടപടിക്രമങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാനേ കഴിയൂവെന്നും സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. മരണത്തിനും സമാനമായ മാനസികാവസ്ഥയിലാണ് പ്രതികൾ ജയിലിൽ കഴിയുന്നത് എന്നതുകൊണ്ട് ദയ അർഹിക്കണമെന്നത് കണക്കാക്കാനാകില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
അക്ഷയ് സിംഗ് ദയാഹർജി നൽകി
അതിനിടെ കേസിലെ മറ്റ് പ്രതികളായ വിനയ് ശർമ പ്രസിഡന്റിന് ദയാഹർജിയും അക്ഷയ് കുമാർ സിംഗ് സുപ്രീം കോടതിയിൽ തിരുത്തൽ ഹർജിയും നൽകി. വിനയ് ശർമയുടെ അഭിഭാഷകൻ എ.പി.സിംഗാണ് ദയാഹർജി സമർപ്പിച്ച വിവരം അറിയിച്ചത്.
ദയാഹർജി നൽകിയ സാഹചര്യത്തിൽ വധശിക്ഷ നടപ്പാക്കാൻ ഇനിയും വൈകിയേക്കും. ജസ്റ്റിസ് എൻ.വി.രമണയുടെ അദ്ധ്യക്ഷതയിൽ ഉള്ള അഞ്ചംഗ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് അക്ഷയ് സിംഗിന്റെ ഹർജി പരിഗണിക്കും.