കൂടൽ: പഠനയാത്രയുടെ ഭാഗമായി തലസ്ഥാന നഗരത്തിലെത്തിയ കൂടൽ ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ നിയമസഭാ മന്ദിരത്തിലുമെത്തി. സഭാ പരിസരത്തു വച്ചു തന്നെ സ്വന്തം എം.എൽ.എയായ കെ.യു.ജനീഷ് കുമാറിനെ കാണാനും കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗവർണർക്കെതിരായ പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ ആരവം ഒഴിഞ്ഞപ്പോഴാണ് കുട്ടികളുമായി അദ്ധ്യാപകർ നിയമസഭയിലെത്തിയത്. ഗാലറിയിൽ വച്ച് സഭയുടെ നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നതിനിടെയാണ് താഴെ നിയമസഭാഹാളിൽ എം എൽ എ നിൽക്കുന്നത് അദ്ധ്യാപകർ ശ്രദ്ധിച്ചത്. ഉദ്യോഗസ്ഥരുടെ സഹായത്തോടെ എം.എൽ.എയെ വിളിച്ച് കാണാൻ ആഗ്രഹം അറിയിച്ചു. സഭാ കവാടത്തിൽ കാത്തുനിന്ന എം.എൽ.എ, അടുത്തെത്തിയ കുട്ടികളോട് കുശലം ചോദിച്ച് ഏറെ നേരം അവരിലൊരാളായി നിന്നു. നിയമസഭാ മന്ദിരത്തിന്റെ മുന്നിൽ ഒപ്പം നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്ത് എം.എൽ.എയെ സ്‌കൂൾ വാർഷികത്തിനു ക്ഷണിച്ചാണ് കുട്ടികളും അദ്ധ്യാപകരും തിരുവനന്തപുരത്തു നിന്ന് മടങ്ങിയത്.