guest-house
പത്തനംതിട്ട കടമ്മനിട്ടയിൽ പടയണി ഗ്രാമമായി ഏറ്റെടുത്ത സ്ഥലത്തെ ഗസ്റ്റ് ഹൗസ്

പത്തനംതിട്ട: പൈതൃകവും പാരമ്പര്യവും പ്രതാപവുമാണ് കടമ്മനിട്ട പടയണിയുടെ മുഖമുദ്ര. പക്ഷേ അധികൃതർ തിരിച്ചറിയുന്നില്ലെന്ന് മാത്രം. പടയണി ഗ്രാമം പദ്ധതി പൂർത്തിയാക്കണമെന്ന് പോലും അവർക്കില്ല. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും മുഖേന നടപ്പാക്കേണ്ട നിർമ്മാണ പ്രവൃത്തികൾക്ക് ചുമതലപ്പെടുത്തിയത് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനെയാണ്. ഇവരാണ് കരാറുകാരന് കുടിശിക വരുത്തിയത്.

പ്രദേശവാസികൾ സൗജന്യമായി നൽകിയ സ്ഥലം ഉൾപ്പെടെ മൂന്ന് ഏക്കറിലാണ് പടയണി പഠന പരിശീലന ഗവേഷണ വിനോദസഞ്ചാര കേന്ദ്രമായി പടയണി ഗ്രാമം പദ്ധതി വിഭാവനം ചെയ്തത്. മൂന്നാംഘട്ടം വരെ പണികൾ തീർന്നു. ഗസ്റ്റ്ഹൗസിന്റെയും പടയണി മ്യൂസിയത്തിന്റെയും പണിയാണ് പാതിയിൽ നിന്നത്. ഇനി നാലാംഘട്ടമുണ്ട്.

--------------------

പടയണിയും കടമ്മനിട്ടയും

തീച്ചൂട്ടുകളുടെയും പന്തങ്ങളുടെയും വെളിച്ചത്തിൽ തപ്പും കൈമണിയും ചെണ്ടയും താളം തീർക്കുന്ന പശ്ചാത്തലത്തിൽ കോലങ്ങൾ തുള്ളിയുറയുന്ന കലാരൂപമാണ് പടയണി . കവിതകളിലൂടെ കടമ്മനിട്ട രാമകൃഷ്ണൻ പടയണിയെ ലോകപ്രശസ്തമാക്കി. മുറിച്ചെടുത്ത് ചെത്തിയ കമുകിൻപാളകൾ പച്ച ഇൗർക്കിലിൽ കോർത്ത് ചെങ്കല്ല്, കരി, മഞ്ഞൾ എന്നിവ കൊണ്ടാണ് കോലങ്ങൾ വരയ്ക്കുന്നത്. ദാരികാസുര നിഗ്രഹത്തിനു ശേഷം ഭദ്രകാളിയുടെ കോപം ശമിപ്പിക്കാൻ ശിവനും ഭൂതഗണങ്ങളും കോലങ്ങൾ കെട്ടിയാടുന്നതായാണ് വിശ്വാസം. മേടം ഒന്ന് മുതൽ പത്തു വരെയാണ് കടമ്മനിട്ട പടയണി.

-----------------

പണിയായത് കരാറുകാരന് !

2010 ൽ നിർമ്മാണം തുടങ്ങി.11 മാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്.

ഇതുവരെ ചെയ്ത ജോലികൾക്ക് കരാറുകരന് കൊടുത്തു തീർക്കാനുള്ളത് 36 ലക്ഷം രൂപ ! കിട്ടാതായപ്പോൾ കരാറുകാരൻ പണി മതിയാക്കി സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള പണികളാണ് തീർന്നത്. കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ള 1.26 കോടിയുടെ പണിയാണ് ബാക്കി.

-------------------------

kalari
പത്തനംതിട്ട കടമ്മനിട്ടയിൽ പടയണി ഗ്രാമത്തിൽ പണിഞ്ഞ പടയണി കളരി

തീർന്നത്

അലങ്കാര ഗോപുരം, മണ്ഡപം, കുളം നവീകരണം - 34ലക്ഷം

പടയണി കളരി, ശുചിമുറികൾ, വൈദ്യുതീകരണം - 45ലക്ഷം

ഗസ്റ്റ്ഹൗസ്, പടയണി മ്യൂസിയം - 1.26കോടി .

തുടങ്ങേണ്ടത്

ഗവേഷണ കേന്ദ്രം, ഒപ്പൺ എയർ തീയറ്റർ, പടയണി ഡോക്യുമെന്റേഷൻ- 1.26 കോടി

-------------------

gopuram
പത്തനംതിട്ട കടമ്മനിട്ടയിൽ പടയണി ഗ്രാമമായി ഏറ്റെടുത്ത സ്ഥലത്തെ പ്രധാന ഗോപുരം

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പണം അനുവദിച്ചിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് പടയണി കലാകാരന്മാരുടെ സ്വപ്ന പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തത്.

- അഡ്വ.കെ.ഹരിദാസ്, പടയണിഗ്രാമം ഏകോപനസമിതി പ്രസിഡന്റ്.

padayanikkolam
കടമ്മനിട്ട പടയണിക്കോലം