മല്ലപ്പള്ളി: കുടുബങ്ങളെ അനാഥത്വത്തിലേക്ക് തള്ളിവിടുന്ന അപകടങ്ങൾ മനുഷ്യ നിർമ്മിതമാണെന്ന് ആർ.ടി.ഒ ജിജി ജോർജ്ജ് പറഞ്ഞു. കേരളകൗമുദിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവത്കരണ സെമിനാർ കീഴ്വായ്പ്പൂര് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള കൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഇടുവിനാംപൊയ്കയിൽ മുഖ്യപ്രഭാഷണം നടത്തി. അച്ചടക്കമില്ലാത്ത സമൂഹത്തെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ അപകട നിരക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. മദ്യവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരെ പൂർണ്ണമായി ഒഴിവാക്കിയാണ് അപകടകരമായ തന്റെ വ്യവസായ മേഖല മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളി ജോയിന്റ് അർ.ടി.ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജിത് ആൻഡ്രൂസ് സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചു. ഭാവി പൗരൻമാരാകേണ്ട വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പരിശീലനം അനിവാര്യമാണെന്നും അപക്വമായ ഗതാഗതരീതിക്ക് വിരാമം കുറിക്കാൻ വിദ്യാർത്ഥി സമൂഹത്തെ സജ്ജരാക്കുന്ന പ്രവർത്തി പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, സ്‌കൂൾ പ്രിൻസിപ്പൽ ടി.ആർ. ദിനേശ്, ഹെഡ്മിസ്ട്രസ് സാലി ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി ജെസ്‌ലെറ്റ് സേവ്യർ എന്നിവർ പ്രസംഗിച്ചു.