> കൊറോണ ലക്ഷണങ്ങളില്ല
> ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും െഎസൊലേഷൻ വാർഡുകൾ
പത്തനംതിട്ട: കൊറോണ നിരീക്ഷണത്തിനായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമായി രണ്ട് ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ ഷീജ പറഞ്ഞു. ജില്ലയിൽ 22 പേർ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്. ആരിലും കൊറോണയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ചൈനയിൽ നിന്ന് നാട്ടിലെത്തിയവരെയാണ് നിരീക്ഷിച്ചുവരുന്നത്. മെഡിക്കൽ ഓഫീസിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ 22 പേർക്കും വീടുകളിൽ തന്നെയാണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇരുപത്തിയെട്ട് ദിവസം ഇവരുടെ വിവരങ്ങൾ ശേഖരിക്കും. ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങൾ കണ്ടാൽ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്ന് ഡി.എം.ഒ പറഞ്ഞു.
വീടുകളിൽ നിരീക്ഷണം ഏർപ്പെടുത്തിയവർക്ക് ആരോഗ്യവകുപ്പിന്റെ സേവനം ലഭ്യമാക്കും. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം മാത്രമേ ഇവർ ആശുപത്രികളിൽ ചികിത്സ തേടാവു. നിരീക്ഷണത്തിലുള്ളവർ പൊതു പരിപാടികളിലോ ആളുകൾ കൂടുന്ന ഇടങ്ങളിലോ പങ്കെടുക്കരുത്.
>>
കൺട്രോൾ റൂം നമ്പർ
കെറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് ജില്ലയിൽ എത്തിയവർ നിർബന്ധമായും മെഡിക്കൽ കൺട്രോൾ റൂം നമ്പരായ 04682228220ൽ വിളിച്ച് റിപ്പോർട്ട് ചെയ്യണം.
>>
ശ്രദ്ധിക്കാൻ
> തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാലയോ മറ്റ് വസ്ത്രങ്ങളോ ഉപയോഗിച്ച് മറയ്ക്കണം.
> ഇടയ്ക്കിടെ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.
> രോഗികൾ ധാരാളമെത്തുന്ന ആശുപത്രികളിൽ കഫ് കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്. ചുമയുളള രോഗികൾക്ക് കഫ് കോർണറിൽ നിന്ന് മാസ്‌ക് ലഭിക്കും.