പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിലവിലെ ഫാർമസി ബ്ളോക്ക് പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കും. ഇതിനായി 99ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തിൽ വീണാജോർജ് എം.എൽ.എ അറിയിച്ചു. അഞ്ച് നിലകളുളള കെട്ടിടത്തിന്റെ ആദ്യത്തേതിന്റെ നിർമ്മാണം ഉടനെ തുടങ്ങും. ജൈവ-അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിന് ജില്ലാ ശുചിത്വമിഷന്റെ നിർദേശപ്രകാരം ജനറൽ ആശുപതിയിൽ തുമ്പൂർമൂഴി മാതൃകയിൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനമായി.പുതിയ മോർച്ചറി,ലേബർ റൂം,ട്രോളിപാത്ത്, ടോക്കൺ സംവിധാനം എന്നിവയുടെ ഒൗദ്യോഗിക ഉദ്ഘാടനം അടുത്തമാസം മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും.

ആശുപത്രിയിൽ സോളാർ വൈദ്യുതി സ്ഥാപിക്കുന്നതിന് ആന്റോ ആന്റണി എം.പിക്ക് നിവേദനം നൽകും. എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ബി.എൽ.എസ് ആംബുലൻസ് ഉടൻ നിരത്തിലിറക്കും. തുടർ ചെലവുകൾ ആശുപത്രി വികസന ഫണ്ടിൽ നിന്ന് വിനിയോഗിക്കും. ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ആശുപത്രി കോമ്പൗണ്ടിൽ എ.ടി.എം കൗണ്ടറുകൾ സ്ഥാപിക്കാൻ ബാങ്കുകളെ സമീപിക്കും. കാർഡിയോളജി സേവനങ്ങൾ 24മണിക്കൂറും പ്രവർത്തിപ്പിക്കും. ആശുപത്രി ലാബിൽ ഒന്നരക്കോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളുളള ഉപകരണങ്ങൾ സ്ഥാപിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു അനിൽ,വാർഡ് കൗൺസിലർ പി.കെ.ജേക്കബ്,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റജീന ഷെറിഫ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.നന്ദിനി, സൂപ്രണ്ട് ഡോ.സാജൻ മാത്യൂസ്,ആർ.എം.ഒ ഡോ. ആശിഷ് മോഹൻകുമാർ, എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.