ഇലന്തൂർ: ജാതി മതങ്ങളുടെ വേലിക്കെട്ടുകൾക്ക് സ്ഥാനമില്ലാതെ നൻമ നിറഞ്ഞ ഹൃദയങ്ങളിലൂടെ ഗോപിച്ചേട്ടന്റെ അന്ത്യയാത്ര. കഴിഞ്ഞ ദിവസം നിര്യാതനായ പരിയാരം പുളിയേലിൽ ഗോപിനാഥൻ നായരുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് എത്തിച്ചത് അദ്ദേഹം കാര്യസ്ഥനായിരുന്ന ഇലന്തൂർ മൂത്തേരിൽ എന്ന മാർത്തോമ കുടുംബത്തിലേക്ക്. പതിറ്റാണ്ടുകൾ നീണ്ട ആത്മബന്ധത്തിൽ ഗോപിനാഥൻ നായർക്ക് അന്തിമോപചാരം അർപ്പിക്കാൻ മുത്തേരിൽ വീട്ടിലെ ദാനിയേൽ ഉമ്മൻ കോശി എന്ന കൊച്ചുമോനും കുടുംബവും അമേരിക്കയിൽ നിന്ന് എത്തി. ഗോപിനാഥൻ നായർ കുട്ടിക്കാലം മുതൽ മാതാപിതാക്കൾക്കാെപ്പം മൂത്തേരിൽ കുടുംബത്തിൽ എത്തുമായിരുന്നു. ഗോപിനാഥൻ നായരുടെ പുളിയേലിൽ വീടും മൂത്തേരിൽ വീടും തമ്മിൽ നൂറ് മീറ്ററിന്റെ അകലമാണുളളത്. അഞ്ച് പതിറ്റാണ്ടായി മൂത്തേരിൽ കുടുംബത്തിലെ കാര്യസ്ഥനായിരുന്നു നാട്ടുകാരുടെ ഗോപിച്ചേട്ടൻ. മൂത്തേരിൽ കുടുംബത്തിലെ കൃഷിപ്പണികൾ മുതൽ എല്ലാ കാര്യങ്ങളും ഗോപിനാഥൻ നായരായിരുന്നു നടത്തിയിരുന്നത്. മൂത്തേരിലെ ഒന്നര ഏക്കർ സ്ഥലത്ത് ഗോപിനാഥൻ നായർ കൃഷി ചെയ്തിരുന്നു. എന്നും രാവിലെ ആറ് മുതൽ 11വരെയും വൈകിട്ട് മൂന്ന് മുതൽ ആറ് വരെയും അദ്ദേഹം കൃഷി സ്ഥലത്തായിരുന്നു. ശാരീരിക അവശതകളെ തുടർന്നാണ് ഗോപിനാഥൻ നായർ നിര്യാതനായത്.
ഇന്നലെ മൂത്തേരിൽ കുടുംബത്തിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചത്.
പരേതയായ മണിയമ്മയാണ് ഗോപിനാഥൻ നായരുടെ ഭാര്യ. മക്കൾ:രാധാകൃഷ്ണൻ നായർ, ഗീതാകുമാരി, ഹരികുമാർ. മരുമക്കൾ: മധുസൂദനൻ നായർ, അശ്വതി.