തിരുവല്ല: കാൻസറിനേക്കാൾ ഭയാനകമാണ് ലഹരിവസ്തുക്കളുടെ ഉപയോഗമെന്ന് മാർത്തോമ്മാ സഭാസെക്രട്ടറി റവ.ഡോ. കെ.ജി.ജോസഫ് പറഞ്ഞു. കേരളകൗമുദിയും ബിലീവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്‌കൂളും എക്സൈസ് വകുപ്പും സംയുക്തമായി തിരുവല്ല എസ്.സി.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച "ബോധപൗർണ്ണമി" ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹം ജാഗരൂകരാകണം. നിറംകലർത്തി പലപേരുകളിൽ അറിയപ്പെടുന്ന ലഹരി പദാർത്ഥങ്ങളെ തൊടാൻപോലും തയ്യാറാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഹരിയെന്നാൽ പഠനമാണെന്നും ലഹരിയെന്നാൽ പതനമാണെന്നും മനസിലാക്കി സ്വബോധത്തോടെ വളരാൻ കുട്ടികൾക്ക് സാധിക്കണമെന്ന് സെമിനാറിൽ അദ്ധ്യക്ഷത വഹിച്ച സ്‌കൂൾ ഹെഡ്മിസ്ട്രസ് ഗീതാ ടി.ജോർജ്ജ് പറഞ്ഞു. ജീവിതം ലഹരിക്ക് അടിമപ്പെട്ടാൽ പിന്നെ വീണ്ടെടുക്കാൻ സാധിക്കില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസനം പി.ആർ.ഒ സിബി സാം തോട്ടത്തിൽ പറഞ്ഞു. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, അദ്ധ്യാപിക മഞ്ജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

എക്സൈസ് പ്രിവന്റീവ് ഓഫിസർ ഹരിഹരൻ ഉണ്ണി ക്ളാസെടുത്തു. ലഹരിപദാർത്ഥ വിരുദ്ധ മനോഭാവമുള്ള നാടായി കേരളം മാറണമെന്ന് ബോധവത്കരണ ക്ളാസെടുത്ത എക്സൈസ് പ്രിവന്റീവ് ഓഫിസർ ഹരിഹരൻ ഉണ്ണി പറഞ്ഞു. മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ചുറ്റും കെണികൾ ഏറെയുണ്ട്. ഇതെല്ലാം തിരിച്ചറിയാനും സ്വതന്ത്രമായി ചിന്തിക്കാനും പ്രതികരിക്കാനും യുവതലമുറയ്ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.