പത്തനംതിട്ട: ശബരിമല മണ്ഡല-മകര വിളക്കുകാലത്തെ ശുചീകരണ തൊഴിലാളികൾ വേതനമില്ളാതെ മടങ്ങി. ശബരിമല സാനിട്ടേഷൻ സൊസൈറ്റിയുടെ കീഴിൽ മൂന്നു മാസമായി നിലയ്ക്കൽ മുതൽ സന്നിധാനം വരെ ശുചിയായി സൂക്ഷിച്ച തമിഴ്‌നാട്ടുകാരായ 150 തൊഴിലാളികളാണ് ചെയ്ത ജോലിക്ക് കൂലി കിട്ടാതെ കഴിഞ്ഞ 22 ന് നാട്ടിലേക്ക് മടങ്ങിയത്. ശബരിമല സാനിട്ടേഷൻ സൊസൈറ്റി ചെയർമാനായ ജില്ലാ കളക്ടർ അവധിയിൽ പോയതിനാൽ ശുചീകരണ തൊഴിലാളികൾക്ക് വേതനം നൽകേണ്ട തുകയുടെ ചെക്ക് ഒപ്പിട്ടില്ല.

സാനിട്ടേഷൻ സൊസൈറ്റി സെക്രട്ടറിയായ അടൂർ ആർ.ഡി.ഒ പി.ടി. ഏബ്രഹാം തൊഴിലാളികളുടെ ശമ്പളത്തിനുള്ള 1.70 കോടിയുടെ ചെക്ക് തയ്യാറാക്കി കളക്ടർക്ക് തീർത്ഥാടന കാലം അവസാനിക്കുന്നതിന് മുമ്പ് കൈമാറിയിരുന്നു. അരലക്ഷത്തിന് മുകളിലുള്ള ചെക്കിൽ ചെയർമാൻ കൂടിയായ കളക്ടർ കൂടി ഒപ്പിടണം.

ജില്ലാ പട്ടയമേളക്ക് ശേഷം രണ്ടാഴ്ചത്തെ അവധിയിലാണ് കളക്ടർ. റിപ്പബ്ലിക് ദിനാഘോഷത്തിലും പങ്കെടുത്തില്ല.
20 നാണ് ശബരിമല നട അടച്ചത്. രണ്ടു ദിവസം കൂടി നിന്ന് ശുചീകരണ ജോലികൾ പൂർത്തിയാക്കി 22 ന് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. മുൻ വർഷങ്ങളിൽ ഇവർ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് വേതനം നൽകിയിരുന്നു.