പത്തനംതിട്ട : സാമ്പത്തിക പ്രതിസന്ധിയിലായ ബി.എസ്.എൻ.എലിൽ നിന്ന് ജില്ലയിൽ സ്വയം വിരമിച്ചത് 225 പേർ. ഡപ്യൂട്ടി ജനറൽ മാനേജർ, അസി. ജനറൽ മാനേജർ, ഡിവിഷണൽ എൻജിനീയർ, ജൂനിയർ ടെലികോം ഓഫീസർ, ജൂനിയർ എൻജിനീയർ, ടെലികോം ടെക്നീഷൻ, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികയിലുള്ളവരാണ് വിരമിച്ചത് . തിരുവല്ല, കോന്നി, പന്തളം, കോഴഞ്ചേരി, മല്ലപ്പള്ളി, അടൂർ, പത്തനംതിട്ട, റാന്നി സബ് ഡിവിഷനുകളിലായി 411 സ്ഥിരം ജീവനക്കാരുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി കമ്പനി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് സ്വയം വിരമിക്കൽ. സ്ഥിരം ജീവനക്കാരെ കഴിയുന്നത്ര ഒഴിവാക്കി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനാണ് തീരുമാനം. വിരമിച്ചവർക്ക് പെൻഷൻ അടക്കം എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. കഴിഞ്ഞ നവംബറിലാണ് അധികൃതർ പിരിഞ്ഞുപോകലിന് താൽപര്യമുള്ളവർ അറിയിക്കണമെന്ന് നിർദ്ദേശിച്ചത്. ശമ്പളം പോലും യഥാ സമയം നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ സ്ഥാപനം. സ്ഥിരം ജീവനക്കാരെ കഴിയുന്നത്ര ഒഴിവാക്കി സാമ്പത്തികനിയന്ത്രണത്തിലൂടെ ബി.എസ്.എൻ.എലിനെ മികച്ച കേന്ദ്രപൊതുമേഖലാ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു
.
സ്വയം വിരമിച്ചവർ
തിരുവല്ല : 83
പന്തളം : 17
മല്ലപ്പള്ളി : 21
അടൂർ : 25
കോന്നി : 11
കോഴഞ്ചേരി : 24
പത്തനംതിട്ട : 26
റാന്നി : 22