കൊക്കാത്തോട്: കാനന മദ്ധ്യത്തിലുള്ള പുരാതനമായ കുറിച്ചി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെത്തണമെങ്കിൽ സാഹസം ഏറെ വേണം. യാത്രാദുരിതവും വനൃമൃഗ ഭീതിയും അതിജീവിച്ച് ക്ഷേത്രത്തിലെത്തിയാൽ പ്രാചീനമായ ഒരു സംസ്കൃതിയുടെ അടയാളങ്ങൾ കാണാം.
കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി റേഞ്ചിലെ കൊക്കാത്തോട് കോട്ടാമ്പാറയിലാണ് ക്ഷേത്രം. ഈ വനമേഖലയിൽ പുരാതന കാലത്ത് മനുഷ്യവാസമുണ്ടായിരുന്നതിന് തെളിവുകൂടിയാണ് ക്ഷേത്രം. കൊക്കാത്തോട്ടിൽ നിന്ന് 7 കിലോമീറ്റർ വനത്തിലൂടെ വേണം സഞ്ചരിക്കാൻ. വനംവകുപ്പിന്റെ റോഡിലൂടെ കോട്ടാമ്പാറ വനമേഖലയിലെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കണമെങ്കിൽ കല്ലേലിയിലെ ചെക്ക് പോസ്റ്റിൽ നിന്ന് വനപാലകരുടെ മുൻകൂർ അനുമതി വാങ്ങണം.
ഇവിടെ കഴിഞ്ഞ വർഷം ഒരാളെ കടുവ കൊന്നതിന് ശേഷം വനംവകുപ്പ് യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടാനകൾ നശിപ്പിച്ച നിലയിലാണ് ക്ഷേത്രം. അവശിഷ്ടങ്ങൾ അവിടിവിടെയായി കിടപ്പുണ്ട്. ശ്രീകോവിലിന്റെ തറയും, വിഗ്രഹങ്ങളും, സമീപത്ത് തന്നെ ക്ഷേത്രക്കുളവുമുണ്ട്. അച്ചൻകോവിൽ നദീതട സംസ്‌കാരത്തിന്റെ ഭാഗമാണിത്.
കോന്നി, കല്ലേലി, കൊക്കാത്തോട് വഴിയാണ് പോകേണ്ടത്. യാത്രാമദ്ധ്യേ ഗോത്രസമൂഹത്തിന്റെ ആചാരവിശ്വാസങ്ങളുമായി ബന്ധപ്പെട്ട കല്ലേലി ഊരാളിയപ്പൂപ്പൻ കാവും, കാട്ടാത്തിപ്പാറയും കാണാം. കാട്ടാത്തി ഗിരിവർഗകോളനിയും ഇൗ ഭാഗത്താണ്.