തിരുവല്ല: ജല അതോറിറ്റി നെടുമ്പ്രം സെക്ഷൻ ഓഫീസ് ഇന്ന് മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങും. നെടുമ്പ്രം വാളകത്തിൽ പാലത്തിന്‌ സമീപത്തായി വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് സ്ഥാപിച്ച ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മാത്യു ടി. തോമസ് എം.എൽ.എ നിർവ്വഹിക്കും. പുളിക്കീഴ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ ജലസംഭരണിയുടെ താഴത്തെ നിലകളിലാണ് പുതിയ ഓഫീസും സജ്ജമാക്കിയിരിക്കുന്നത്. താഴത്തെ നിലയിൽ ബില്ലടയ്ക്കാനുള്ള കൗണ്ടറും ഒന്നാംനിലയിൽ ഓഫീസും രണ്ടാംനിലയിൽ കോൺഫറൻസ് ഹാളുമാണ്. അസി. എൻജിനീയർ, രണ്ട് ഓവർസിയർമാർ, പ്ലംബിംഗ് ഇൻസ്‌പെക്ടർ, പ്ലംബർ, ഹെഡ് സൂപ്പർവൈസർ എന്നിവരാണ് ഓഫീസിലുള്ളത്. ഉണ്ടപ്ലാവിൽ വർഷങ്ങളായി വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന ഓഫീസാണ് ഇവിടേക്ക് മാറുന്നത്. ഇവിടെ ഉണ്ടായിരുന്ന രണ്ടരലക്ഷം ലിറ്ററിന്റെ കുടിവെള്ള ടാങ്ക് കൂടാതെ മൂന്നര ലക്ഷം ലിറ്ററിന്റെ ടാങ്കാണ് പുതിയതായി നിർമ്മിച്ചത്. ഇതിന്റെ പ്രവർത്തനം പൂർണ്ണമായി തുടങ്ങിയിട്ടില്ല. നെടുമ്പ്രം പഞ്ചായത്ത് മുഴുവനും പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കരി 14,15 വാർഡുകളിലുമാണ് ഇവിടെ നിന്നുള്ള ജലം ലഭിക്കുക.