ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി സനാതന ധർമ്മ സംഗമം അഞ്ചിന് തുടങ്ങും. എട്ടിനാണ് തൈപ്പൂയ ഉത്സവം. അഞ്ചിന് രാവിലെ എട്ടിന് നാരായണീയ പാരായണം, വൈകിട്ട് ഏഴിന് സനാതന ധർമ്മ സംഗമത്തിന്റെ ഉദ്ഘാടനം പള്ളിയോട സേവാ സംഘം പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി നിർവ്വഹിക്കും. സംവിധായകൻ അലി അക്ബർ മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം ഭരണസമിതി പ്രസിഡന്റ് എം.വി. ഗോപകുമാർ അദ്ധ്യക്ഷനാകും. ആറിന് രാവിലെ എട്ടിന് സ്‌കന്ദപുരാണപാരായണം, വൈകിട്ട് ഏഴിന് പ്രഭാഷണം കെ.എൻ.രഘുനാഥ്, എട്ടിന് ഹിഡുംബൻ പൂജ, ഒൻപതിന് അന്നദാനം. ഏഴിന് രാവിലെ ഏഴിന് തിരുമുൻപിൽ പറ, വൈകിട്ട് അഞ്ചിന് ഭജന, 6.30ന് സോപാനസംഗീതം, ഏഴിന് കാവടി വിളക്ക് ഘോഷയാത്ര ചെറുവള്ളി ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. എട്ടിന് തിരുവാതിര, 8.30ന് അന്നദാനം. എട്ടിന് പുലർച്ചെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഏഴിന് തിരുമുൽക്കാഴ്ച ഘോഷയാത്ര, ഒൻപതിന് പിണ്ണാക്കേരിൽ ദേവസ്ഥാനത്ത് നിന്ന് കാവടിയാട്ടം, കാവടി വരവ്, ഉച്ചയ്ക്ക് 12ന് കാവടി അഭിഷേകം, നവകംപൂജ, കളഭാഭിഷേകം, ഒന്നിന് സമൂഹസദ്യ, വൈകിട്ട് ഏഴിന് വൈക്കം ശിവഹരി ഭജൻസിന്റെ ഹൃദയജപലഹരി. തന്ത്രി മുരിക്കുംവേലിൽ ഇല്ലം ശ്രീഹരി നമ്പൂതിരി, മേൽശാന്തി മാമ്പറ്റ ഇല്ലം വിഷ്ണുപ്രസാദ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.