bridge

തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ 4 -ാം വാർഡിലെ അയ്യനാവേലി പാലത്തിന്റെ നിർമ്മാണവും വേങ്ങൽ തോടിന്റെ പുനരുദ്ധാരണവും മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനി മോൾ ജോസ് അദ്ധ്യക്ഷയായിരുന്നു. മൈനർ ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ ആർ. രാജശേഖരപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ മേരി ചെറിയാൻ, വാർഡ് മെമ്പർ ശാന്തമ്മ ആർ.നായർ, മൈനർ ഇറിഗേഷൻ അസി.എക്‌സിക്യുട്ടീവ് എൻജിനിയർ ശ്രീകല, അലക്‌സാണ്ടർ കെ.ശാമുവൽ, പ്രമോദ് ഇളമൺ, സണ്ണി തോമസ്, പ്രദീപ് ആലുംതുരുത്തി, റെയ്‌ന ജോർജ്ജ്, ടി.ആർ.രാമചന്ദ്രൻ നായർ, എം.സി ചാക്കോ, കെ.സി.ജോസഫ്, തോമസ് ജോസഫ്, മാത്തൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

വേങ്ങൽ തോടിനെ രക്ഷിക്കാൻ 90 ലക്ഷം

3.4 കി.മി ദൂരത്തിൽ വേങ്ങൽ തോടിന്റെ പുനരുദ്ധാരണ പ്രവർത്തികൾക്കായി 90 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. തോട്ടിലെ നീരൊഴുക്ക് തടസപ്പെടുംവിധം തോടിന് കുറുകെ മുണ്ടപ്പള്ളി കോളനിയിലേക്ക് നിർമ്മിച്ചിരിക്കുന്ന റോഡ് നീക്കി ഇവിടെയാണ് പുതിയ പാലം നിർമ്മിക്കുന്നത്. എട്ടു മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലും നിർമ്മിക്കുന്ന പാലത്തിന് ഇരുവശങ്ങളിലും 15 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. വടവടി പാടത്തിനൊരു മോട്ടോർ തറ നിർമ്മാണവും ഉൾപ്പെടുന്നതാണ് വേങ്ങലിലെ പ്രവർത്തികൾ. വാർഡ് മെമ്പർ ശാന്തമ്മ ആർ.നായർ നിവേദനം നൽകിയതിനെ തുടർന്ന് മാത്യു ടി.തോമസ് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന 2018ൽ ഭരണാനുമതി ലഭിച്ചെങ്കിലും കലുങ്കിന്റെ രൂപകല്പന അന്തിമമാക്കി സാങ്കേതിക അനുമതി ലഭ്യമായത് വൈകിയാണ്.