പത്തനംതിട്ട: കൊറോണ വൈറസിനെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെങ്കിലും പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി.

കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ജില്ലയിൽ എത്തിയവർ അടുത്ത 28 ദിവസം നിർബന്ധമായും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ.എ.എൽ.ഷീജ അറിയിച്ചു.

@ ബാത്ത് അറ്റാച്ച്ഡും വായു സഞ്ചാരമുള്ളതുമായ മുറി ഉപയോഗിക്കണം. നാട്ടിൽ വന്നാൽ ഉടൻ തന്നെ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെട്ട് വിവരം ധരിപ്പിക്കണം.

@ വീട്ടിലുള്ള മറ്റ് കുടുംബാംഗങ്ങളുമായി സമ്പർക്കം പരമാവധി ഒഴിവാക്കണം. പാത്രങ്ങൾ, ബെഡ് ഷീറ്റ്, കപ്പ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോർത്ത്, വസ്ത്രങ്ങൾ, കിടക്കവിരി തുടങ്ങിയവ ബ്ലീച്ചിംഗ് ലായനി (ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു ടീ സ്പൂൺ ബ്ലീച്ചിംഗ് പൗഡർ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കണം.

@ സന്ദർശകരെ ഒരു കാരണവശാലും വീട്ടിൽ അനുവദിക്കരുത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ആരോഗ്യ കേന്ദ്രത്തിലോ കൺട്രോൾ റൂമിലെ ഫോൺ നമ്പരിലോ വിളിച്ച് മുൻകൂട്ടി അറിയിച്ച ശേഷം അവരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ എത്തണം.

@പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ആവശ്യത്തിന് ഐസൊലേറ്റഡ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ രോഗികളെ താമസിപ്പിച്ച് ആവശ്യമായ ചികിത്സ നൽകും.

>>

കൺട്രോൾ റൂം നമ്പരുകൾ

പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ചു വരുന്നു 04682228220 . പത്തനംതിട്ട ജനറൽ ആശുപത്രി ഡോ. ആഷിഷ് മോഹൻ കുമാർ 9947970079. കോഴഞ്ചേരി ജില്ലാ ആശുപത്രി ഡോ.പ്രതിഭ 9447608856.