മഞ്ഞിനിക്കര: മോർ ഏലിയാസ് തൃദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 88 മത് ദുഖ്‌റോനോ പെരുന്നാളിന് നാളെ കൊടിയേറും. രാവിലെ ദയറാ പള്ളിയിലെ വിശുദ്ധ കുർബാനയ്ക്ക് മോർ മിലിത്തിയോസ് യൂഹാനോൻ, മാത്യൂസ് മോർ തേവോദോസ്യോസ്, മോർ അത്താനാസ്യോസ് ഏലിയാസ് എന്നീ മെത്രാപ്പൊലീത്തമാർ നേതൃത്വം നൽകും. തുടർന്ന് ദയറായ്ക്ക് മുന്നിലെ കൊടിമരത്തിൽ കൊടിയേറ്റ്.
വൈകിട്ട് അഞ്ചരയോടെ ഓമല്ലൂർ കുരിശിൻ തൊട്ടിയിൽ ദയറാ തലവൻ ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പോലിത്ത പതാക ഉയർത്തും.
പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി ലബാനോൻ ആർച്ച് ബിഷപ്പ് മോർ ക്രിസ് സ്റ്റോമസ് ശെമ്മൂവൂൻ മെത്രാപ്പോലിത്ത പങ്കെടുക്കും. 7ന് തീർത്ഥാടക സംഗമം. 8ന് വിശുദ്ധ മൂന്നിമേൽ കുർബ്ബാനയും പരിശുദ്ധന്റെ ഓർമ്മയും നടത്തും.
മൂന്ന് മുതൽ അഞ്ച് വരെ വൈകിട്ട് 7ന് സുവിശേഷ പ്രസംഗം. കൺവെൻഷൻ ഉദ്ഘാടനം മോർ മിലിത്തിയോസ് യൂഹാനോൻ നിർവഹിക്കും. 4ന് രാവിലെ 9.30ന് തുമ്പമൺ ഭദ്രാസന വനിതാ സമാജം ധ്യാനയോഗത്തിൽ മോർ പീലക്‌സീനോസ് സഖറിയ പ്രസംഗിക്കും.
5ന് 88 നിർദ്ധനരായവർക്കുള്ള വസ്ത്രങ്ങൾ ജില്ലാ കളക്ടർ പി.ബി. നൂഹ് നൽകും. 7ന് ഉച്ചക്ക് മൂന്നിന് വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള കാൽനട തീർത്ഥയാത്രികരെ ഓമല്ലൂർ കുരിശിങ്കൽ സ്വീകരിച്ച് മഞ്ഞിനിക്കര ദയറായിലേക്ക് ആനയിക്കും. വൈകുന്നേരം നടക്കുന്ന തീർത്ഥാടക സംഗമത്തിൽ ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമനും പാത്രിയർക്കീസ് ബാവ പ്രതിനിധി സഭയിലെ മെത്രാപ്പോലീത്തമാരും പങ്കെടുക്കും. 8ന് രാവിലെ മോർ സ്‌തേഫാനോസ് പള്ളിയിലും ദയറാ പള്ളിയിലും വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം പെരുന്നാൾ സമാപിക്കും.