പത്തനംതിട്ട: മാരാമൺ കൺവെൻഷനോട് അനുബന്ധിച്ചുള്ള സർക്കാർതല ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. കൺവെൻഷന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മാരാമൺ മാർത്തോമ്മാ റിട്രീറ്റ് സെന്ററിൽ ചേർന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു എം.എൽ.എ.
ഫെബ്രുവരി ഒൻപതു മുതൽ 16 വരെ നടക്കുന്ന കൺവെൻഷനോട് അനുബന്ധിച്ച് വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. പൂർണമായി ഹരിതചട്ടം പാലിച്ചായിരിക്കും കൺവെൻഷൻ.
കൺവെൻഷൻ നഗറിലേക്കുള്ള എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ പൊതുമരാമത്തു നിരത്ത് വിഭാഗം തിങ്കളാഴ്ചയ്ക്കകം പൂർത്തിയാക്കും. വാട്ടർ അതോറിറ്റി 24 മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പാക്കും. സമ്മേളന നഗരിയിൽ രണ്ട് ആർ.ഒ യൂണിറ്റുകളും 12 വാട്ടർ കിയോസ്‌കുകളും, മൂന്നു ഡിസ്‌പെൻസറുകളും സ്ഥാപിക്കും.
രാജു എബ്രഹാം എം.എൽ.എ, എ.ഡി.എം അലക്‌സ്.പി.തോമസ്, അടൂർ ആർ.ഡി.ഒ പി.ടി എബ്രഹാം, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഗ്രിഗറി കെ. ഫിലിപ്പ്, സ്‌പെഷൽ ഓഫീസർ അന്നമ്മ സി.ജോളി, ജലവിഭവ വകുപ്പ് ജോയിന്റ് സെക്രട്ടറി റെജികുമാർ, ചീഫ് എൻജിനീയർ ഷംസുദീൻ, മാർത്തോമ്മ സുവിശേഷ പ്രസംഗ സംഘം
ജനറൽ സെക്രട്ടറി റവ ജോർജ് എബ്രഹാം, സഭാ ട്രസ്റ്റി പി.പി. അച്ചൻകുഞ്ഞ്, കറസ്‌പോണ്ടിംഗ് സെക്രട്ടറി സി വി വർഗീസ്, ട്രാവലിംഗ് സെക്രട്ടറി റവ. സാമുവേൽ സന്തോഷം, ട്രഷറർ അനിൽ മാരാമൺ, മുൻ എം.എൽ.എ മാലേത്ത് സരളാ ദേവി തുടങ്ങിയവർ പങ്കെടുത്തു.