നഷ്ടപരിഹാരവും ലഭിക്കുന്നില്ല
പത്തനാപുരം: കിഴക്കേ ഭാഗം, ചേകം, ചെന്നിലമൺ, മാക്കുളം, കമുകുംചേരി തുടങ്ങിയ ജനവാസ മേഖലകളിൽ വന്യമൃഗശല്യം മൂലം കർഷകർ ദുരിതത്തിൽ. പന്നി, കുരങ്ങ് എന്നിവയുടെ ശല്യം ആദ്യകാലങ്ങളിൽ വനാതിർത്തിയിൽ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ജനവാസ മേഖലയിലേക്കും ഇവ എത്തുകയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നിയും കുരങ്ങും ഉൾപ്പെടെയുള്ളവ ജനങ്ങളുടെ സ്വൈരജീവിതം നശിപ്പിക്കുകയാണ്.
പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ആന, കാട്ടുപോത്ത്. എന്നിവയുടെ ശല്യവും രൂക്ഷമാണ്. ചെറുകടവ് കാരാട്ട് വീട്ടിൽ ജയിംസ്, ചണ്ണായ്ക്കാൻ അനിതാ ഭവനിൽ അനിൽ കുമാർ എന്നിവരുടെ വാഴ, ചേന, തെങ്ങ് ഉൾപ്പെടെയുള്ള കാർഷിവിളകൾ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ നശിപ്പിച്ചിരുന്നു. കൂട്ടമായി എത്തിയ കുരങ്ങുകൾ താഴേവീട്ടിൽ ഗോപകുമാർ, നെട്ടയത്ത് രാമകൃഷ്ണൻ എന്നിവരുടെ നൂറ് കണക്കിന് തൈവാഴകളും നശിപ്പിച്ചിരുന്നു.
വന്യമൃഗങ്ങളുടെ ശല്യത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം നശിപ്പിക്കപ്പെടുന്ന കാർഷികവിളകൾക്ക് യാതൊരു നഷ്ടപരിഹാരവും ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
വന്യമൃഗങ്ങളുടെ ശല്യത്താൽ കാർഷിക വിളകൾക്ക് നാശം സംഭവിക്കുമ്പോൾ നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. സുധീർ മലയിൽ (പൊതുപ്രവർത്തകൻ. പിറവന്തൂർ)
കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പദ്ധതികൾ നടപ്പിലാക്കുമ്പോൾ വന്യമൃഗങ്ങളുടെ ശല്യത്തിന് അറുതിവരുത്താൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം.
വി.ജെ. ഹരിലാൽ (എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ കൗൺസിലർ)