ഒരു പ്രത്യേകതരം ബാർബർ ഷോപ്പുണ്ട്, അങ്ങ് അമേരിക്കയിലെ ബാറ്റൺ റഫിൽ. ലൈൻ 4 ലൈൻ എന്നാണ് പേര്. ഇവിടെ ഫ്രീയായി മുടി വെട്ടിക്കാം. പക്ഷേ, ഒരു നിബന്ധനയുണ്ട്. സൗജന്യമായി മുടിവെട്ടിക്കിട്ടണമെങ്കിൽ, മുടിവെട്ടുന്ന ബാർബർമാർക്ക് ഉറക്കെ പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കണം. മൂന്ന് മുതൽ 13 വയസുവരെയുള്ള വിദ്യാർത്ഥികൾക്കാണ് ഇങ്ങനെ സൗജന്യമായി മുടി മുറിപ്പിക്കാൻ അവസരം കിട്ടുന്നത്. ഓരോ മാസത്തിലെയും ആദ്യത്തെ തിങ്കളാഴ്ചയാണ് ഇങ്ങനെ മുടിമുറിക്കാനുള്ള അവസരം. സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ലൈൻ 4 ലൈൻ ലക്ഷ്യം വയ്ക്കുന്നത് ബാർബർമാരുടെ കൂടി സാക്ഷരത വർദ്ധിപ്പിക്കുക, അവരിൽ അറിവുണ്ടാക്കിയെടുക്കുക തുടങ്ങിയവയും കൂടിയാണ്. സാമൂഹികവും അക്കാഡമിക്കായതുമായ വളർച്ചയും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഐഡിയ പബ്ലിക് സ്കൂളാണ് ഈ പദ്ധതി നടപ്പിലാക്കാനായി മുന്നോട്ടുവന്നിട്ടുള്ളത്. ഐഡിയ പബ്ലിക് സ്കൂൾ എല്ലാത്തരം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കാനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അപ്പോൾ എങ്ങനെയുണ്ട്, ഐഡിയ.. മുടിയുംവെട്ടാം, പുസ്തകവും വായിക്കാം...