കുണ്ടറ: ഗവർണർ ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങൾ പ്രകടിപ്പിക്കുന്നത് ആർ.എസ്.എസ് ഭാഷ്യമാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. സി.പി.എം കുണ്ടറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച ബഹുജനറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗവർണർ ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതിന് തന്റെ പദവിപോലും ഉപയോഗപ്പെടുത്തുകയാണ്. ബാബറി മസ്ജിദ് വിധിയിലൂടെ സുപ്രീം കോടതിയും നീതിന്യായത്തിൽ വെള്ളം ചേർത്തു. നാല് മാസമായി കാഷ്മീരിനെ തടവറയിലാക്കിയിരിക്കുകയാണ്. എന്നാൽ പൗരത്വഭേദഗതി ബിൽ അത്ര സുഖകരമായ അനുഭവമല്ല ബി.ജെ.പിക്ക് നൽകുന്നതെന്നും രാജ്യം ജനാധിപത്യത്തെ വീണ്ടെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം സി. ബാൾഡ്വിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുദേവൻ, ജില്ലാ കമ്മിറ്റിയംഗം എൻ.എസ്. പ്രസന്നകുമാർ, കുണ്ടറ ഏരിയാ സെക്രട്ടറി എസ്.എൽ. സജികുമാർ എന്നിവർ സംസാരിച്ചു. കേരളപുരത്ത് നിന്നാരംഭിച്ച ബഹുജനറാലി ചന്ദനത്തോപ്പിലാണ് സമാപിച്ചത്.