navas
പതാരം ജംഗ്ഷനിലുള്ള ശൂരനാട് വില്ലേജ് ഓഫീസ്

ശാസ്താംകോട്ട: ശൂരനാട് തെക്ക് വില്ലേജ് ഓഫീസ് പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകി മാസങ്ങളായിട്ടും പകരം സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. റോഡ് വികസനവുമായി ബന്ധപ്പെട്ട് പതാരം ജംഗ്ഷനിലുള്ള വില്ലേജ് ഓഫീസ് പൊളിച്ചുമാറ്റാനായി പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകിയിട്ട് മാസങ്ങൾ പിന്നിടുന്നു. രണ്ട് കുടുസു മുറികൾ മാത്രമുള്ള വില്ലേജ് ഓഫീസിനോട് ചേർന്ന് ഓട നിർമ്മിച്ചതോടെ ഓഫീസിലെത്തുന്നവർക്ക് നിന്നു തിരിയാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്‌. കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാൽ വില്ലേജ് ഓഫീസ് ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായെത്തുന്നവരും വീർപ്പുമുട്ടുകയാണ്.

നാട്ടുകാരുടെ ആവശ്യം

ആകെയുള്ള മൂന്ന് സെന്റിൽ മുൻവശത്ത് ഓട നിർമ്മിച്ചതോടെ വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുക അല്ലാതെ മറ്റു മാർഗങ്ങളില്ലാത്ത സ്ഥിതിയാണ്. പുറമ്പോക്ക് സ്ഥലം കണ്ടെത്തി വില്ലേജ് ഒാഫീസിനായി കെട്ടിടം നിർമ്മിക്കാമെന്നുള്ള ആലോചനകളാണ് നടന്നു വരുന്നത്. പതാരം ജംഗ്ഷനിലുള്ള വില്ലേജ് ഓഫീസ് പ്രധാന റോഡിൽ നിന്ന് മാറ്റി സ്ഥാപിക്കാതെ ജംഗ്ഷനിൽ തന്നെ സ്ഥലം കണ്ടെത്തി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.