disha
കല്ലേലിഭാഗം ദിശ സാംസ്കാരിക പഠന കേന്ദ്രം തൊടിയൂർ ഗവ. എൽ പി എസിൽ സംഘടിപ്പിച്ച മലയാളത്തുമ്പികൾ ബാലോത്സവത്തിൽ ജനകീയ സംഗീതജ്ഞൻ വി.കെ.ശശിധരനെ പ്രസിഡന്റ് ടി.അനിൽകുമാറും ക്ലാപ്പന ഇ.എം.എസ് ലൈബ്രറി ബാലവേദി പ്രവർത്തകരും ചേർന്ന് ആദരിക്കുന്നു

തൊടിയൂർ: അറിവിന്റെയും ആഹ്ളാദത്തിന്റെയും മേഖലകളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാനും അവരിലെ സർഗവാസനകൾ ഉത്തേജിപ്പിക്കാനും ഉതകുന്നതായി കല്ലേലിഭാഗം ദിശ സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച മലയാളത്തുമ്പികൾ ബാലോത്സവം. ദിശയുടെ ഏഴാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൊടിയൂർ ഗവ.എൽ.പി.എസ് ഓഡിറ്റോറിയത്തിലാണ് മലയാളത്തുമ്പികൾ അരങ്ങേറിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ എന്റെ ഭാഷ എന്ന വിഷയത്തിൽ ആമുഖ പ്രഭാഷണം നടത്തി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എബി പാപ്പച്ചൻ 'എന്റെ കഥാലോകം' എന്ന ക്ലാസ് നയിച്ചു. പാട്ടുപുര ഫോക്‌ലോർ റിസർച്ച് ആൻഡ് പെർഫോമിംഗ് സെന്റർ ആർട്ടിസ്റ്റ് ബൈജു മലനട 'പാട്ടു വന്ന വഴികൾ' എന്ന വിഷയത്തിലും, തൊടിയൂർ പഞ്ചായത്ത് ഗ്രന്ഥശാലാ നേതൃസമതി പ്രസിഡന്റ് അനിൽ ആർ. പാലവിള ബഷീർ കൃതികളിലൂടെ എന്ന വിഷയത്തിലും ക്ലാസെടുത്തു.
ചടങ്ങിൽ വിശിഷ്ടാതിഥിയായ സംഗീതജ്ഞൻ വി.കെ. ശശിധരനെ ദിശ സാംസ്കാരിക പഠനകേന്ദ്രം പ്രസിഡന്റ് ടി. അനിൽ കുമാറും ക്ലാപ്പന ഇ.എം.എസ് ലൈബ്രറി ബാലവേദി പ്രവർത്തകരും ചേർന്ന് ആദരിച്ചു. ദിശ സെക്രട്ടറി ആർ. വിനോദ് സ്വാഗതവും ഐ. നജീബ് നന്ദിയും പറഞ്ഞു. തുടർന്ന് ക്ലാപ്പന ഇ.എം.എസ് ബാലവേദി വി.കെ.എസ് ഗാനങ്ങളുടെ നൃത്താവിഷ്കാരം അവതരിപ്പിച്ചു.