photoi
ബിച്ചുകൃഷ്ണ

കൊല്ലം/കരുനാഗപ്പള്ളി: പുതുവൽസര പുലരിയിൽ കൊല്ലം നഗരത്തിലും കരുനാഗപ്പള്ളിയിലും ഉണ്ടായ അപകടങ്ങളിൽ രണ്ടുപേരുടെ ജീവൻ പൊലിഞ്ഞു. കൊല്ലം നഗരത്തിൽ പുതുവത്സരാഘോഷ ലഹരിയിൽ യുവാക്കൾ ഓടിച്ച ബൈക്കിടിച്ച് കാൽനട യാത്രക്കാരനായ പാറശ്ശാല അയിറതോപ്പ് പുരയിടത്തിൽ തെക്കുപുത്തൻ വീട്ടിൽ സുരേഷ്‌കുമാറാണ് (48) മരിച്ചത്. കരുനാഗപ്പള്ളിയിൽ നിയന്ത്രണം തെറ്രിയ ഡൂക്ക് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് പത്താം ക്ളാസ് വിദ്യാർത്ഥിയും കോഴിക്കോട് മേക്ക് സിന്ധു ഭവനിൽ ഇന്ദു - ഉദയകുമാർ ദമ്പതികളുടെ മകനുമായ ബിച്ചുകൃഷ്ണയാണ് (16) മരിച്ചത്.

ചൊവ്വാഴ്ച രാത്രി 12ഓടെ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമായിരുന്നു ആദ്യ അപകടം. കരാറുകാരനൊപ്പം മൈക്കാട് പണിക്കായി കൊല്ലത്തെത്തിയ സുരേഷ് ഭക്ഷണം കഴിച്ചു മടങ്ങുമ്പോഴാണ് ആഘോഷ ലഹരിയിൽ ബഹളം വച്ചെത്തിയ യുവാക്കളുടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്.ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരായ ഹരിജിത്ത്, അക്ഷയ് എന്നിവരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. രേഖയാണ് സുരേഷ്‌കുമാറിന്റെ ഭാര്യ. മക്കൾ: അനന്തു, സാന്ദ്ര

ബുധനാഴ്ച പുലർച്ചെ നാലു മണിയോടെ കണ്ണംമ്പള്ളി ക്ഷേത്രത്തിന് തെക്കുവശം വച്ചായിരുന്നു കരുനാഗപ്പള്ളിയിലെ അപകടം. ബിച്ചുകൃഷ്ണ വീട്ടിൽ നിന്നും കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു. ബൈക്ക് പോസ്റ്റിൽ ഇടിച്ചപ്പോൾ ബിച്ചുകൃഷ്ണ തലയിടിച്ച് റോഡിൽ വീണ് തൽക്ഷണം മരിക്കുകയായിരുന്നു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഗൾഫിൽ നിന്നും പിതാവ് ഉദയകുമാർ എത്തിയശേഷമേ സംസ്ക്കരിക്കുകയുള്ളു.ലെനകൃഷ്ണയാണ് സഹോദരി. ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ മുൻ ജില്ലാ കമ്മിറ്റി അംഗം ടി.കെ.സദാശിവന്റെ ചെറുമകനാണ് ബിച്ചുകൃഷ്ണ.