കൊല്ലം: നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം ക്രമാതീതമായി വർദ്ധിക്കുന്നു. പുതുവർഷ ദിനത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ മൂന്നു പേരെയാണ് ജില്ലാ ആശുപത്രിയിൽ പ്രപവേശിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാനുള്ള നടപടി ശക്തമാക്കാനൊരുങ്ങുകയാണ് കോർപ്പറേഷൻ അധികൃതർ.
കോർപ്പറേഷൻ പരിധിയിലെ അഞ്ചാലുംമൂട് ഡിവിഷനിലെ മൃഗാശുപത്രിയിലാണ് നിലവിൽ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നത്. വിവിധയിടങ്ങളിലെ മാലിന്യ നിക്ഷേപമാണ് തെരുവ് നായ്ക്കളുടെ ശല്യം കൂടാൻ കാരണം. കഴിഞ്ഞ മാസം അവസാനത്തോടെ 20 പേർക്കാണ് നഗരസഭാ പരിധിയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടേണ്ടി വന്നത്. വഴിയരികിലൂടെ നടന്നു പോയവരെയും ഇരുചക്രവാഹന യാത്രക്കാരെയുമാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്.
എ.ബി.സി പദ്ധതിയിൽ വീഴ്ച്ച
തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചതോടെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് നിരവധി പരാതികളാണ് ഉയരുന്നത്. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി പ്രോഗ്രാം നടത്തുന്നതിൽ വന്ന വീഴ്ചയാണ് നായ്ക്കളുടെ എണ്ണം ദിനംപ്രതി ഉയരാൻ കാരണമെന്നാണ് പരാതി. എന്നാൽ പലയിടങ്ങളിലും പ്രോജക്ട് നടപ്പാക്കാൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾക്ക് പ്രധാന കാരണം പ്രദേശവാസികളുടെ നിസഹകരണമാണെന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നു.
ജനുവരി 4ന് വെറ്ററിനറി ഡോക്ടർമാരുടെ യോഗം ചേരും. തുടർന്ന് തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് പദ്ധതി നടപ്പാക്കും.
മേയർ ഹണി ബഞ്ചമിൻ