snd

പുനലൂർ: എസ്.എൻ.ഡി.പി യോഗം 2197-ാം നമ്പർ ആർ. ശങ്കർ സ്മാരക ഇളമ്പൽ ശാഖയിൽ നിർമ്മിച്ച ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മവും ക്ഷേത്ര, ഓഫിസ് സമർപ്പണ സമ്മേളനവും വിവിധ ചടങ്ങുകളോടെ 13ന് നടക്കും.. രാവിലെ 8.31 കഴികെ 9.25 നകമുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ചേർത്തല എസ്. ശ്യാംകുമാർ, ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ തുടങ്ങിയവരുടെ മുഖ്യകാർമ്മികത്വത്തിലാണ് പ്രതിഷ്ഠാകർമ്മം.

രാവിലെ 10ന് മഹാഗുരു പൂജ, മഹാനിവേദ്യം, ആചാര്യദക്ഷിണ, 10.30ന് സ്വാമി വിശാലാനന്ദയുടെ അനുഗ്ര പ്രഭാഷണം, ഉച്ചയ്ക്ക് 1ന് അന്നദാനം. വൈകിട്ട് 3ന് നടക്കുന്ന ക്ഷേത്ര സമർപ്പണ സമ്മേളനത്തിൽ എസ്.എസ് ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിയിക്കും. യോഗം ജനറൽ സെക്രട്ടറി സെക്രട്ടറി വെളളാപ്പള്ളി നടേശൻ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിക്കും. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, പുനലൂർ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർമാരായ എൻ. സതീഷ്‌കുമാർ, ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ്ബാബു, സന്തോഷ് ജി. നാഥ്, അടുക്കളമൂല ശശിധരൻ, എൻ. സുന്ദരേശൻ, എസ്. എബി, ഡി. ബിനിൽകുമാർ, വനിതാസംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഡി. ആദർശ്ദേവ്, സൈബർസേന യൂണിയൻ പ്രസിഡന്റ് പി.ജി. ബിനുലാൽ, വാർഡ് അംഗം ആശ ബിജു, ഇളമ്പൽ മഹാദേവർ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.എസ്. മുരളി, വനിതാസംഘം ശാഖാ പ്രസിഡന്റ് താമരാക്ഷി ടീച്ചർ തുടങ്ങിയവർ സംസാരിക്കും.

ശാഖ പ്രസിഡന്റ് എൻ. സോമസുന്ദരൻ സ്വാഗതവും ശാഖാ സെക്രട്ടറി എൻ.വി. ബിനുരാജ് റിപ്പോർട്ടും വനിതാസംഘം ശാഖാ സെക്രട്ടറി എൻ. അംബുജാക്ഷി ടീച്ചർ നന്ദിയും പറയും. വൈകിട്ട് 6ന് ദീപാരാധനയും ദീപക്കാഴ്ചയും. 7ന് അനുനന്ദ് അവതരിപ്പിക്കുന്ന മാന്ത്രിക സംഗീത വിരുന്ന്. ശാഖാ പ്രസിഡന്റ് എൻ. സോമസുന്ദരൻ സംഭാവനയായി നൽകിയ ഭൂമിയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഗുരുദേവ ക്ഷേത്രവും ഓഫീസ് മന്ദിരവും പണികഴിപ്പിച്ചത്. 11ന് രാവിലെ 10ന് പഞ്ചലോഹ വിഗ്രഹ ഘോഷയാത്രയും നടക്കും.