അണുബാധ മൂലമുള്ള മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണവും ചുമ തന്നെ. ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതി പ്രകാരം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയുള്ളവർക്ക് രണ്ടുതവണ സൗജന്യമായി കഫം പരിശോധിക്കുന്നതിനുള്ള സൗകര്യം സർക്കാർ ആശുപത്രികളിലുണ്ട്. അലർജി മൂലമുള്ള ചുമയാണ് ഏറ്റവും സാധാരണം. ആന്റി ഹിസ്റ്റാമിനുകളും ബ്രോങ്കേഡയലേറ്ററുകളും ഇത്തരം ചുമ നിയന്ത്രിക്കും.
ശ്വാസകോശാർബുദം ബാധിച്ചവർ ചുമയോടൊപ്പം രക്തം തുപ്പുകയും ചെയ്യും. രോഗി പുകവലിക്കാരാണെങ്കിൽ അനുയോജ്യമായ ടെസ്റ്റുകളിലൂടെ അർബുദമാണോ ചുമയ്ക്കുള്ള കാരണമെന്ന് ഉറപ്പുവരുത്തണം. കഫ പരിശോധന, എക്സറേ, സ്കാനിംഗ് ബയോപ്സി, ബ്രോങ്കോ സ്കോപ്പി എന്നിവ വേണ്ടിവന്നേക്കാം. ശ്വാസകോശാർബുദം നേരത്തെ കണ്ടുപിടിച്ചാൽ ശസ്ത്രക്രിയ വഴി രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കാം.
പുകവലിക്കാർക്കുണ്ടാകുന്ന ബ്രോങ്കൈറ്റിസ് എംഫസൈമ രോഗത്തിനും ചുമതന്നെ പ്രധാന ലക്ഷണം. പുകവലി പാടെ ഉപേക്ഷിക്കുകയാണ് പ്രതിവിധി. നവജാത ശിശുക്കളിലെ ചുമ ചിലപ്പോൾ ഗുരുതരമായ ആന്തരിക വൈകല്യങ്ങളുടെ ലക്ഷണമാണ്. ആരംഭത്തിൽ തന്നെ വിദഗ്ദ്ധോപദേശം തേടണം.
ചെവിയിലെ സ്ഥാനം തെറ്റിയ രോമം, തൊണ്ടയിലെ തൈറോയ്ഡിന്റെ വീക്കം, വയറ്റിലെ അമ്ളത്തിന്റെ അളവ് കൂടുന്ന അസിഡിറ്റി, മാനസിക കാരണങ്ങൾ എന്നിവയെ തുടർന്നുണ്ടാകുന്ന ചുമ അപൂർവമാണെങ്കിലും പ്രാധാന്യമർഹിക്കുന്നു. ചുമയ്ക്ക് പ്രതിവിധിയായി സാധാരണ ഉപയോഗിക്കുന്ന കഫ് സിറപ്പുകളിൽ ഏറിയ പങ്കും കാര്യമായ പ്രയോജനം ഇല്ലാത്തവയാണെന്നതാണ് രസകരമായ സത്യം. ചുമ എത്രതന്നെ നിസാരമാണെങ്കിലും തുടക്കത്തിൽ തന്നെ ഒരു ചെസ്റ്റ് ഫിസിഷ്യന്റെ ഉപദേശം തേടുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഡോ.കെ.വേണുഗോപാൽ
സീനിയർ കൺസൾട്ടന്റ്,
ശ്വാസകോശ രോഗം മേധാവി,
സംസ്ഥാന ആരോഗ്യ വകുപ്പ്.
ഫോൺ: 9447162224.