hous
ഷോക്കേറ്റ് മരിച്ച കരാർ തൊഴിലാളി രാജേഷിന്റെ മാതാവ് സരസ്വതിക്ക് ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് വീടിന്റെ താക്കോൽ കൈമാറുന്നു.

പുനലൂർ: വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച നിർദ്ധനനായ കരാർ തൊഴിലാളിയുടെ കുടുംബത്തിന് പുതു വർഷത്തിൽ വീട് വച്ച് നൽകിയ വൈദ്യുതി ബോർഡിലെ ജീവനക്കാർ മാതൃകയായി. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി പ്ലാപ്പാറട്ടി വേങ്ങവിള പുത്തൻ വീട്ടിൽ കരാർ തൊഴിലാളിയായ രാജേഷ് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് അപകടത്തിൽ മരിച്ചത്. വൃദ്ധയായ മാതാവ് സരസ്വതിയും, രോഗിയായ സഹോദരിയും ടാർ പാളിൻ വലിച്ചുകെട്ടിയ കുടിലിലായിരുന്നു താമസം.രാജേഷിന്റെ വേർപാടോടെ നിർദ്ധന കുടുംബം തീരാദുരിതത്തിലായി. ഈ സാഹചര്യത്തിലാണ് പുനലൂർ ഇലട്രിക്കൽ ഡിവിഷന്റെ പരിധിയിലുളള ജീവനക്കാരും കരാർ തൊഴിലാളികളും സഹായിക്കാൻ രംഗത്ത് എത്തിയത്. ഇവർ സ്വരൂപിച്ച തുക ഉപയോഗിച്ച് പുതിയ വീട് പണിയുകയും, ശേഷിച്ച ആറ് ലക്ഷത്തോളം രൂപ മാതാവിന്റെ പേരിൽ സ്ഥിരം നിക്ഷപമായി ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു.

ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് വീടിൻെറ താക്കൽ സരസ്വതിക്ക് കൈമാറി. പുനലൂർ ഇലട്രിക്കൽ സബ് ഡിവിഷൻ അസി. എക്സി. എൻജിനീയർ അനീഷ് കെ. അയിലറ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ എ.എം.നാസർ സ്ഥിര നിക്ഷേപ രസീത് രാജേഷിന്റെ മാതാവിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത ഓമനക്കുട്ടൻ, അസി. എൻജിനീയർ എം.ഗണേഷ്, പി.ബി.അനിൽമോൻ, മാമ്പഴത്തറ സലീം, സി.വിജയകുമാർ, ടി.അജയലാൽ, എ.കെ.ഫൈസൽ, ലാലച്ചൻ തുടങ്ങിയവർ സംസാരിച്ചു.