# മൂന്ന് ലക്ഷം പേർ പങ്കെടുക്കും
# നടത്തുന്നത് വിശ്വമംഗളയാഗം
#പ്രസാദമായി 1008 വൃക്ഷത്തൈകൾ
#ഭക്തർക്ക് നേരിട്ട് മഹാശാന്തി ഭവനം നടത്താൻ 108 ഹോമകുണ്ഡങ്ങൾ
#108 ദമ്പതികളെ ലക്ഷ്മീനാരായണ സങ്കൽപ്പത്തിൽ പൂജിക്കും,
# സന്യാസിമാർ പങ്കെടുക്കുന്ന ഋഷസംഗമം,
#108 ക്ഷേത്രങ്ങളിൽ നിന്ന് ദ്രവ്യസമാഹരണം
അഞ്ചാലുംമൂട് : പ്രകൃതിയോടും പ്രകൃതി സമ്പത്തിനോടും മനുഷ്യർ നടത്തിയ അതിക്രമങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുന്നതിന് വിശ്വമംഗള യാഗഭൂമിയാകാൻ പ്രാക്കുളം മണലിൽ കുമാരമംഗലം ക്ഷേത്രം ഒരുങ്ങുന്നു. ലോക ക്ഷേമത്തിനും പ്രകൃതി സംരക്ഷണത്തിനും സർവ്വൈശ്വര്യത്തിനും ഗുരുപാദം വേദിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 17 മുതൽ 23 വരെയാണ് വിശ്വമംഗള യാഗം നടത്തുന്നത്.
യാഗ പ്രസാദമായി വിതരണം ചെയ്യുന്നത് 1008 വൃക്ഷതൈകളാണെന്നതും ശ്രദ്ധേയമാണ്.മാനവഐക്യവും സാഹോദര്യവും നിലനിറുത്തുന്നതിന് സനാതന സംസ്കാരത്തിൽ അധിഷ്ഠിതമായി ജീവിത മൂല്യങ്ങൾ പകർന്നുനൽകുന്നതിനും ശ്രീനാരായണ ഗുരുദേവൻ, ചട്ടമ്പി സ്വാമികൾ, വിവേകാനന്ദ സ്വാമികൾ തുടങ്ങിയ ആചാര്യന്മാരുടെ ദർശനങ്ങളും ഉപദേശങ്ങളും പകർന്ന് ആത്മീയ ഉന്നതി കൈവരിക്കുന്നതിന് മാനവരാശിയെ പ്രാപ്തമാക്കുവാനും യാഗത്തിലൂടെ സംഘാടകർ ലക്ഷ്യമിടുന്നു.
ശൈവ വൈഷ്ണവ, ശാക്തേയ സങ്കൽപ്പത്തിൽ താന്ത്രിക ഹോമങ്ങകൾക്ക് തന്ത്രി ഡോ. നെടുവത്തൂർ ഗണേശൻ മുഖ്യ കാർമികത്വം വഹിക്കും. ഗുരുദേവൻ കൽപ്പിച്ച ശാന്തിഹവന മന്ത്രത്താൽ ഭക്തർക്ക് നേരിട്ട് മഹാശാന്തി ഭവനം നടത്തുന്നതിനായി 108 ഹോമകുണ്ഡങ്ങൾ ഉണ്ടായിരിക്കും.
16ന് ചെമ്പഴന്തി ഗുരുകുലത്തിൽ നിന്ന് ഭദ്രദീപം തെളിച്ച് ക്ഷേത്രത്തിൽ എത്തിക്കും. വഴിനീളെ ഭദ്രദീപം സന്ദർശിക്കുന്ന ദേവാലയങ്ങളിൽ യാഗപ്രതീകമായി ഫലവൃക്ഷതൈകൾ നടുകയും ചെയ്യും. യാഗശാലയിലെത്തിക്കുന്ന ഭദ്രദീപം ശിവഗിരിമഠം, പന്മന ആശ്രമം എന്നിവിടങ്ങളിലെ സന്യാസിമാർ ഏറ്റുവാങ്ങി യാഗഭൂമിയിലേക്ക് അഗ്നി പകരും.108 സ്ത്രീകൾ ചേർന്ന് 108 നിലവിളക്കുകൾ തെളിച്ച് യാഗത്തിന് തുടക്കം കുറിക്കും. 108 ദമ്പതികളെ ലക്ഷ്മീനാരായണ സങ്കൽപ്പത്തിൽ പൂജിക്കൽ, സന്യാസിമാർ പങ്കെടുക്കുന്ന ഋഷസംഗമം,108 ക്ഷേത്രങ്ങളിൽ നിന്ന് ദ്രവ്യ സമാഹരണം എന്നിവയും യാഗത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.
വിദ്യാഭ്യാസം, പരിസ്ഥിതി,വ്യവസായം, ആദ്ധ്യാത്മികം തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും ഉണ്ടായിരിക്കും.പൂയം തിരുനാൾ പാർവതീ ബായി, മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിഅമ്മ,കെ.രാജു എന്നിവർ വിവിധ സെമിനാറുകൾ ഉദ്ഘാടനം ചെയ്യും.
ഉദയം മുതൽ അസ്തമയംവരെ യാഗഭൂമിയിൽ മഹാ അന്നദാനവും ഉണ്ടായിരിക്കും.പ്രകൃതിയെ പരിഗ്രഹം ചെയ്ത് യാഗഭൂമിയിൽ നവധാന്യ വിത്തുകൾ പാകിയിട്ടുണ്ട്. 12ന് യാഗശാലയുടെ കാൽനാട്ട് കർമ്മം നടക്കുമെന്നും സംഘാടകർ അറിയിച്ചു. യാഗത്തിന്റെ ഭാഗമായി 108 പേർ വീതമുള്ള സംഘാടക സമിതി, വനിതാ സമിതി, സ്വാഗത സംഘം എന്നിവയും രൂപീകരിച്ചിട്ടുണ്ട്.
' ശ്രീനാരായണ ഗുരുദേവൻ ഗണപതി പ്രതിഷ്ഠ നടത്തിയ കേരളത്തിലെ ഏക ക്ഷേത്രമാണ് പ്രാക്കുളം മണലിൽ കുമാരമംഗലം ക്ഷേത്രം. പ്രകൃതിയോടുള്ള പ്രായശ്ചിത്തത്തിനൊപ്പം ഗുരുദേവന്റെയും ചട്ടമ്പി സ്വാമികളുടെയും ക്ഷേത്രഭൂമിയിലെ സമാഗമത്തിന്റെ ഓർമ്മപെടുത്തൽ കൂടിയാണ് ഈ യാഗം. പ്രകൃതിയും മാനവരാശിയും അഭിവൃദ്ധിപ്പെടുവാനും മാറാരോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും പുനർജീവനവും ഈ യാഗത്തിലൂടെ ലക്ഷ്യമിടുന്നു'
ഡോ. ഗണേശൻ തിരുമേനി,
ചെയർമാൻ, വേദിക് ഫൗണ്ടേഷൻ