ശാസ്താംകോട്ട: കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. മൈനാഗപ്പള്ളി മിലാ ദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ ആയിരക്കണക്കിന് ക്ലാസ് റൂമുകളാണ് ഓരോ വർഷവും സ്മാർട്ടായി മാറുന്നത്. ഇന്ത്യയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ കേരളത്തിന് മികച്ച സ്ഥാനം ലഭിക്കുന്നതിന് എയ്ഡഡ് സ്കൂളുകളുടെ പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ മാനേജരും മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന സി.എം. ഇബ്രാഹിം കുട്ടിയെ ചടങ്ങിൽ ആദരിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പിയും വിദ്യാഭ്യാസ അവാർഡ് വിതരണം കെ. സോമപ്രസാദ് എം.പിയും നിർവ്വഹിച്ചു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി, വൈസ് പ്രസിഡന്റ് രഘുനാഥൻപിള്ള, കെ.ജി. ശാന്തകുമാരി, പി.കെ. ഗോപൻ, കെ. കൃഷ്ണകുമാരി, തോമസ് വൈദ്യൻ, വൈ.എ. സമദ്, വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, പ്രകാശ് കുമാർ, എസ്. അജയൻ, ഇടവനശ്ശേരി സലാഹുദ്ദീൻ, എബി പാപ്പച്ചൻ, ഡി. സജീവൻ, സഞ്ജീവ് കുമാർ, ജോസ് മത്തായി, അഷ്റഫ്, സ്കൂൾ പ്രഥമാധ്യാപിക വഹീദ, കല്ലട ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.