കൊല്ലം: വിവിധ വകുപ്പുകൾ മുഖേന പട്ടികജാതി വിഭാഗങ്ങൾക്ക് അനുവദിക്കുന്ന തുക പൂർണമായും ചെലവഴിക്കണമെന്ന് ദേശീയ പട്ടികജാതി കമ്മിഷൻ വൈസ് ചെയർമാൻ എൽ. മുരുഗൻ പറഞ്ഞു. ആശ്രാമം ഗസ്റ്റ് ഹൗസിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി ഫണ്ടുകൾ ചെലവഴിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പട്ടികജാതി പീഡന കേസുകളിൽ അതിവേഗ നടപടി സ്വീകരിക്കാൻ പൊലീസ് അധികാരികൾ ശ്രദ്ധിക്കണം. ജില്ലയിലെ പ്രത്യേക കോടതിയെ കേസുകൾക്കായി പ്രയോജനപ്പെടുത്തണം. ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ ഉടനടി പരിഹരിക്കണം. ഭൂമി ഇല്ലാത്തവർക്ക് ഭൂമിവാങ്ങാൻ പണം നൽകണം. സ്വയംതൊഴിൽ സംരംഭങ്ങൾ, വ്യവസായങ്ങൾ എന്നിവയ്ക്കാവശ്യമായ ലോൺ വിവിധ ബാങ്കുകൾ, സർക്കാർ വകുപ്പുകൾ മുഖേന ലഭ്യമാക്കണം. കമ്മ്യൂണിറ്റി സെന്ററുകൾ, സ്‌കിൽ ഡവലപ്‌മെന്റ് സ്‌കൂളുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകണമെന്നും കമ്മിഷൻ പറഞ്ഞു.
ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, സിറ്റി പൊലീസ് കമ്മിഷണർ പി. കെ മധു, റൂറൽ എസ്. പി ഹരിശങ്കർ, സബ് കളക്ടർ അനുപം മിശ്ര, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഇ. എസ് അംബിക, ജില്ലാ പ്ലാനിംഗ് ഓഫീസർ പി. ഷാജി, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.