c
പുതുവൽസരാഘോഷം കഴിഞ്ഞു മടങ്ങിയ കുടുംബത്തെ ആക്രമിച്ചു,

പുനലൂർ: തെന്മല നാൽപ്പതാം മൈലിലെ സ്വകാര്യ റിസോർട്ടിൽ പുതുവൽസരാഘോഷം കഴിഞ്ഞു കാറിൽ മടങ്ങിയ നാലംഗ കുടുംബത്തെ വഴിയിൽ തടഞ്ഞു നിറുത്തി ആക്രമിച്ചു. ഇരുമ്പു കമ്പികൊണ്ട് ഗൃഹനാഥന്റെ കാൽ അടിച്ചൊടിച്ചു. തടയാൻ ശ്രമിച്ച രണ്ടു പെൺമക്കളെയും മറ്റൊരു മകളുടെ ഭർത്താവിനെയും ക്രൂരമായി മർദ്ദിച്ചു.

തെന്മല നാൽപതാം മൈലിൽ താമസക്കാരായ ബാലമുരുകൻ, പുനലൂർ എസ്.എൻ.കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി അടക്കം രണ്ടു പെൺമക്കൾ, മൂത്ത മകളുടെ ഭർത്താവ് ആനന്ദ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

മദ്യലഹരിയിലായിരുന്ന ആറംഗ അക്രമി സംഘത്തിലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നാൽപതാം മൈൽ ലക്ഷംവീട്ടിൽ താമസക്കാരായ ലിജു (24), രാജേഷ് (25), ടോണി (23), ജിബു(25) എന്നിവരെയാണ് തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്.മറ്റു പ്രതികളായ ആഷിക്, മുകേഷ് എന്നിവർ ഒളിവിലാണ്.

തമിഴ്നാട്ടിൽ നിന്ന് സാധനങ്ങൾ കേരളത്തിലെത്തിച്ച് വില്പന നടത്തുന്ന ബാലമുരുകനും കുടുംബവും പുലർച്ചെ ഒന്നര മണിയോടെയാണ് ആക്രമണത്തിന് ഇരയായത്.

മരുമകന്റെ ആര്യങ്കാവിലെ വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം. അക്രമികൾ തടഞ്ഞു നിറുത്തിയാണ് ബാലമുരുകനെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച പെൺമക്കളെയും മരുമകനെയും മർദ്ദിച്ചു. മറ്റു രണ്ട് പ്രതികൾക്ക് വേണ്ടിയുളള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലിസ് അറിയിച്ചു.